കൊച്ചി: ജീവിതം ആസ്വദിക്കുന്നതിന് തടസ്സം നിൽക്കുന്ന തിന്മയായാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്ന് ഹൈകോടതി. ബാധ്യതകളും കടമകളുമില്ലാത്ത സ്വതന്ത്രജീവിതം നയിക്കാൻ വിവാഹം തീർച്ചയായും ഒഴിവാക്കണമെന്നാണ് ഇവർ കരുതുന്നത്. ഉപയോഗിച്ച് വലിച്ചെറിയുകയെന്ന ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ ബാധിച്ചിരിക്കുകയാണെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ യുവാവ് നൽകിയ ഹരജി തള്ളിയാണ് കോടതിയുടെ പരാമർശം.
'വൈഫ്' എന്നതിന് പഴയ സങ്കൽപമായ വൈസ് ഇൻവെസ്റ്റ്മെന്റ് ഫോർ എവർ (വിവേകപൂർവമായ സ്ഥിര നിക്ഷേപം) എന്നതിന് പകരം 'വറി ഇൻവൈറ്റഡ് ഫോർ എവർ' (സ്ഥിരമായി ക്ഷണിച്ചുവരുത്തുന്ന ആവലാതി) എന്നാക്കി പുതുതലമുറ തിരുത്തിയിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപഭോക്തൃസംസ്കാരം വിവാഹബന്ധങ്ങളെയും സ്വാധീനിച്ചതിന് തെളിവാണ് വേർപിരിഞ്ഞാൽ 'ഗുഡ് ബൈ' പറയാൻ കഴിയുന്ന 'ലിവ് ഇൻ റിലേഷൻഷിപ്' വർധിക്കുന്നത്. വിവാഹം പവിത്രമാണ്. ലൈംഗിക ചോദനകൾക്ക് ശമനം കാണാൻ സ്വാതന്ത്ര്യം നൽകുന്ന വെറും ആചാരമോ ശൂന്യമായ ആഘോഷമോ അല്ല. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന്റെ പേരിൽ കേരളം മുമ്പ് പ്രശസ്തമായിരുന്നു. വഴിവിട്ട ബന്ധങ്ങളുടെയും സ്വാർഥതാൽപര്യങ്ങളുടെയും പേരിൽ ബന്ധങ്ങൾ വ്യാപകമായി വേർപിരിയുകയാണിപ്പോൾ.
പ്രണയത്തിലായിരുന്ന ഹരജിക്കാരനും യുവതിയും 2008ലാണ് വിവാഹിതരായത്. ഇവർക്ക് മൂന്നു പെൺകുട്ടികളുമുണ്ട്. സൗദിയിൽ ജോലി ചെയ്തിരുന്ന ദമ്പതികൾ 2018വരെ സ്നേഹത്തിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ, ഇതിനുശേഷം ഭാര്യ തന്നോടു ക്രൂരമായി പെരുമാറുന്നെന്നും കൊല്ലാൻ ശ്രമിച്ചെന്നും ഹരജിക്കാരൻ ആരോപിച്ചു. അതേസമയം, മറ്റൊരു സ്ത്രീയുമായി ഹരജിക്കാരന് ബന്ധമുണ്ടെന്ന് ഭാര്യ ആരോപിച്ചു. യുവാവിന്റെ മാതാവും ഭാര്യ പറഞ്ഞതിനെ അനുകൂലിക്കുന്ന മൊഴിയാണ് നൽകിയത്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് കുടുംബകോടതിയും ഹൈകോടതിയും ഹരജി തള്ളിയത്. വഴിവിട്ട ബന്ധത്തെ ന്യായീകരിക്കാൻ ഭാര്യയെയും മൂന്ന് കുട്ടികളെയും ഉപേക്ഷിക്കാൻ കോടതിയുടെ സഹായം തേടാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഒന്നിച്ച് ജീവിക്കാനാണ് ഭാര്യ ആഗ്രഹിക്കുന്നത്. ചെറിയ വഴക്കുകളും കലഹങ്ങളുമൊന്നും ക്രൂരതയായി കരുതാനാകില്ല. സൗഹാർദപരമായ ഒത്തുചേരലിന് അവസരം അവസാനിച്ചിട്ടില്ലെന്ന് വിലയിരുത്തിയ കോടതി ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.