പാലക്കാട്: വ്യാപാര -സംരംഭക -സേവന പ്രവർത്തനങ്ങൾക്ക് ഖര -ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ നിർബന്ധമാക്കി തദ്ദേശവകുപ്പ് ഉത്തരവ്. നിലവിലുള്ള വ്യാപാര -വ്യവസായ, സംരംഭക -സേവന പ്രവർത്തനങ്ങളിൽ ഖര -ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലെങ്കിൽ ലൈസൻസ് പുതുക്കി നൽകേണ്ടെന്ന് തദ്ദേശവകുപ്പ് അഡീഷനൽ സെക്രട്ടറി തദ്ദേശവകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകി. ഇക്കാര്യം ചട്ടങ്ങളിൽ ഭേദഗതി വരുത്തി കൂട്ടിച്ചേർക്കുമെന്നും ഉത്തരവിലുണ്ട്.
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട റിട്ട് ഹരജി പരിഗണിക്കവേ വ്യാപാര സ്ഥാപനങ്ങളിൽ മാലിന്യനിർമാർജനത്തിന് ഏർപ്പെടുത്തിയ സംവിധാനങ്ങൾ സംബന്ധിച്ച വ്യവസ്ഥകൂടി ലൈസൻസ് ചട്ടങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ഹൈകോടതി സ്പെഷൽ ബെഞ്ച് നിർദേശിച്ചിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് പുതിയ ഉത്തരവെന്ന് തദ്ദേശവകുപ്പ് അധികൃതർ വ്യക്തമാക്കി. പുതുതായി തുടങ്ങുന്ന ഫാക്ടറികൾക്കും വ്യവസായങ്ങൾക്കും വ്യാപാരങ്ങൾക്കും സേവനങ്ങൾക്കും ലൈസൻസ് നൽകുന്നതിന് മുന്നോടിയായി ഖര -ദ്രവ മാലിന്യ സംസ്കരണത്തിന് സംവിധാനങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രദേശത്ത് വിവിധ ആവശ്യങ്ങൾക്ക് ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ ചട്ടങ്ങളിലോ ഉത്തരവുകളിലോ നിഷ്കർഷിച്ച പ്രകാരം ഖര -ദ്രവ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ പ്രദേശത്ത് ഏർപ്പെടുത്തിയെന്ന് തദ്ദേശ സെക്രട്ടറി അല്ലെങ്കിൽ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പരിശോധിച്ച് ഉറപ്പുവരുത്തണം. സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ നോട്ടീസ് നൽകി 14 ദിവസത്തിനകം മാലിന്യസംസ്കരണ സംവിധാനങ്ങൾ ഏർപ്പാടാക്കാൻ നിർദേശം നൽകണം.
വീഴ്ച വരുത്തിയാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി അടച്ചുപൂട്ടണമെന്നും സർക്കുലർ നിർദേശിക്കുന്നു. കൂടുതൽ മാലിന്യം ഉൽപാദിപ്പിക്കുന്ന (ബൾക്ക് ജനറേറ്റേഴ്സ്) വ്യാപാരസ്ഥാപനങ്ങൾ മാലിന്യസംസ്കരണത്തിന് സ്വന്തം സംവിധാനം ഉറപ്പാക്കണമെന്ന് തദ്ദേശവകുപ്പ് നേരത്തേ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. കല്യാണ മണ്ഡപങ്ങൾ, ലോഡ്ജുകൾ, ആശുപത്രികൾ, സ്കൂളുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയാണ് മാലിന്യം കൂടുതൽ ഉൽപാദിപ്പിക്കുന്ന ഗണത്തിൽപ്പെടുത്തിയിട്ടുള്ളത്. മാലിന്യസംസ്കരണ സംവിധാനത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.