സര്‍ക്കാര്‍ ഉത്തരവിട്ട് പാടിക്കേണ്ടതല്ല ദേശീയഗാനം –ഗോപാല്‍കൃഷ്ണ ഗാന്ധി

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവിട്ട് നിര്‍ബന്ധമായി പാടിക്കേണ്ട ഒന്നല്ല ദേശീയഗാനമെന്ന് ഗോപാല്‍കൃഷ്ണ ഗാന്ധി. വിവരാവകാശകൂട്ടായ്മ സംഘടിപ്പിച്ച ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ത്തമാനകാല ഇന്ത്യന്‍ ഭരണകൂടം പൊതുസമൂഹത്തില്‍ ഭയം പരത്തുകയാണ്. മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കും എതിരെയാണ് സര്‍ക്കാര്‍ നടപടി.

ഛത്തിസ്ഗഢില്‍ അര്‍ധസൈനികര്‍ നടത്തിയ മനുഷ്യാവകാശലംഘനം പുറത്തുകൊണ്ടുവന്ന നന്ദിനി സുന്ദറിനെതിരെ കേസെടുത്തത് ഇതിന് ഉദാഹരണമാണ്. ജുഡീഷ്യറി പോലും ഭരണകൂടത്തിന് കീഴ്പ്പെടുകയാണ്. സാധാരണജനങ്ങളുടെ ഗ്രാമീണഇന്ത്യക്കുപകരം കോര്‍പറേറ്റുകളുടെ ഭരണമാണ് ഇന്നുള്ളത്. ധീരവും അസാധാരണവുമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചവരാണ് രാജ്യത്തെ ന്യായാധിപന്മാര്‍. എന്നാല്‍, ഇന്ന് കോടതികളെ ഭയം വിഴുങ്ങുന്നു. നീതിന്യായചരിത്രത്തിലെ നാഴികക്കല്ലുകളായിരുന്നു കൃഷ്ണയ്യരുടെ വിധിന്യായങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

ബി.ജെ.പിസര്‍ക്കാര്‍ ഫാഷിസ്റ്റ് സ്വഭാവത്തിലേക്ക് മാറിയെന്ന് പ്രശാന്ത്ഭൂഷണ്‍ പറഞ്ഞു. കോടതികള്‍ സര്‍ക്കാറുമായി ചങ്ങാത്തത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ സ്ത്രീകള്‍ മാര്‍ച്ച് നടത്തിയതുപോലെ ഇന്ത്യയിലെ സ്ത്രീകളും മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാട്ടത്തിനിറങ്ങണമെന്ന് സാമൂഹികപ്രവര്‍ത്തക അരുണാറോയ് പറഞ്ഞു.   

Tags:    
News Summary - Forcible singing makes anthem a humdrum chant: Gopalkrishna Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.