തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ സർവകലാശാലകൾക്ക് കാമ്പസ് അനുവദിക്കുന്നത് സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസും ഉന്നത വിദ്യാഭ്യാസ കൗൺസിലുമെന്ന് സൂചന. ഉന്നത വിദ്യാഭ്യാസ വകുപ്പിനെയോ മന്ത്രി ബിന്ദുവിനെയോ അറിയിക്കാതെയാണ് നയപരമായ മാറ്റം ബജറ്റിൽ ഉൾപ്പെടുത്തിയത്. വിവാദത്തിൽ വിശദീകരണം നൽകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും കഴിയുന്നുമില്ല.
ഉന്നത വിദ്യാഭ്യാസ കൗൺസിലിലെ പ്രമുഖൻ സമീപകാലത്ത് വിവിധ രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിന് പിന്നാലെയാണ് വിദേശ സർവകലാശാല കാമ്പസ്, വിദേശത്ത് നാലിടങ്ങളിൽ ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് തുടങ്ങിയ നിർദേശങ്ങൾ സർക്കാറിന് മുന്നിലെത്തുന്നത്. നേരത്തേ സർക്കാറിൽ പ്രധാന ചുമതല വഹിച്ച മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖന്റെ കൂടി പങ്കാളിത്തത്തിലായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാതെയുള്ള ഈ നീക്കം.
മുമ്പ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് പഠിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയും കരട് ബിൽ തയാറാക്കി സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതു പൂർണമായും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും മന്ത്രിയുടെയും അറിവോടെയായിരുന്നു. എന്നാൽ പുതിയ നടപടികളൊന്നും വകുപ്പിനെ അറിയിച്ചില്ല. വിദേശ സർവകലാശാല സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് മന്ത്രി ബിന്ദു ഒഴിഞ്ഞുമാറുകയും ചെയ്തു.
യൂറോപ്പ്, യു.എസ്.എ, ഗൾഫ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നടത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന്റെ വിശദാംശങ്ങളും വകുപ്പിന്റെ പക്കലില്ല.
ഇതു പൂർണമായും ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കാനാണ് ബജറ്റ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.