തിരുവനന്തപുരം: വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസ് തുറക്കാൻ യു.ജി.സി മുന്നോട്ടുവെച്ചത് കർശന മാനദണ്ഡങ്ങൾ. 2023 നവംബർ എട്ടിന് വിജ്ഞാപനം ചെയ്ത റെഗുലേഷനിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്. കേരളത്തിലും വിദേശ സർവകലാശാല കാമ്പസുകൾക്ക് അനുമതി നൽകുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തോടെ ഇക്കാര്യത്തിൽ യു.ജി.സി വ്യവസ്ഥകൾ നിർണായകമായി.
റെഗുലേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് രാജ്യത്ത് എവിടെയും കാമ്പസ് തുറക്കാം. കേന്ദ്രനിയമം നിലവിൽ വന്നതിനാൽ സംസ്ഥാനങ്ങളുടെ പ്രത്യേക അനുമതി ആവശ്യമില്ല. യു.ജി.സി നിശ്ചയിക്കുന്ന ആഗോള റാങ്കിങ്ങിൽ ആദ്യ 500ൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇന്ത്യയിൽ കാമ്പസ് തുറക്കാൻ സാധിക്കുക. സംയുക്ത കാമ്പസ് തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾക്കെല്ലാം റാങ്കിങ് മാനദണ്ഡം ബാധകമാകും. ന്യായവും സുതാര്യവുമായ ഫീസ് ഘടന സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം.
വിദ്യാർഥി പ്രവേശനത്തിന്റെ 60 ദിവസം മുമ്പെങ്കിലും വെബ്സൈറ്റിൽ ഫീസ് ഘടന, ഫീസ് തിരിച്ചു നൽകൽ നയം, സീറ്റുകളുടെ എണ്ണം, യോഗ്യത, പ്രവേശന നടപടികൾ എന്നിവയുള്ള പ്രോസ്പെക്ടസ് ലഭ്യമാക്കണം. വിദ്യാർഥികൾക്ക് പൂർണമായോ ഭാഗികമായോ ഉള്ള സ്കോളർഷിപ്പുകൾ ലഭ്യമാക്കണം. ഇന്ത്യൻ വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസിൽ ഇളവ് അനുവദിക്കാം.
യു.ജി.സിക്ക് ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ശിപാർശ സമർപ്പിക്കാൻ പ്രത്യേക സമിതിയുണ്ടാകും. വിദേശ സ്ഥാപനത്തിന്റെ പ്രധാന കാമ്പസിൽ നൽകുന്നതിന് തുല്യ അംഗീകാരമുള്ള ബിരുദമാകണം ഇന്ത്യൻ കാമ്പസുകളിൽനിന്നും നൽകേണ്ടത്. ഈ ബിരുദത്തിന് സർവകലാശാലയുടെ ഉത്ഭവ രാജ്യത്തും അംഗീകാരമുണ്ടാകണം. ഇന്ത്യയിലെയും വിദേശത്തെയും അധ്യാപകരെ കാമ്പസിൽ നിയമിക്കാനും യോഗ്യത, സേവന -വേതന വ്യവസ്ഥകൾ തീരുമാനിക്കാനും സ്ഥാപനത്തിന് അധികാരമുണ്ടാകും.
ഇത് ഉത്ഭവ രാജ്യത്തിലേതിന് തുല്യമാകണം. ഒരു സെമസ്റ്ററിലെങ്കിലും സ്ഥിരം ഇന്റർനാഷനൽ ഫാക്കൽറ്റികൾ ഉണ്ടാകണം. പ്രധാന കാമ്പസിലേതിന് തുല്യമായ പാഠ്യപദ്ധതിയും ബോധനരീതിയും മൂല്യനിർണയവും ആയിരിക്കണം. ഓൺലൈൻ, ഓപൺ/ വിദൂര പഠന രീതിയിലുള്ള കോഴ്സുകൾ അനുവദിക്കില്ല. വിദേശ സർവകലാശാല കാമ്പസുകൾ നൽകുന്ന ബിരുദങ്ങൾ ഇന്ത്യയിലെ സ്ഥാപനങ്ങൾ നൽകുന്ന സമാന ബിരുദങ്ങൾക്ക് തുല്യമായിരിക്കും.
ഏതെങ്കിലും കാരണത്താൽ കാമ്പസോ കോഴ്സോ അവസാനിപ്പിക്കുകയാണെങ്കിൽ വിദ്യാർഥികൾക്ക് പകരം സംവിധാനം ഒരുക്കേണ്ട ചുമതല സ്ഥാപനത്തിനായിരിക്കും. പ്രശ്ന പരിഹാര സംവിധാനം ഉണ്ടാകണം. തീർപ്പിൽ വിദ്യാർഥിക്ക് പരാതിയുണ്ടെങ്കിൽ യു.ജി.സിക്ക് അപ്പീൽ നൽകാം.
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, രാജ്യ സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം തുടങ്ങിയവക്ക് വിരുദ്ധമായ രീതിയിൽ സ്ഥാപനങ്ങൾ നടത്തരുത്. വാർഷിക ഓഡിറ്റ് റിപ്പോർട്ട് യു.ജി.സിക്ക് സമർപ്പിക്കണം. യു.ജി.സി അനുമതിയില്ലാതെ കാമ്പസോ കോഴ്സോ അവസാനിപ്പിക്കാൻ പാടില്ല. വ്യവസ്ഥകൾ ലംഘിച്ചാൽ പ്രവർത്തനാനുമതി റദ്ദാക്കാൻ യു.ജി.സിക്ക് അധികാരമുണ്ടായിരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ സർവകലാശാല കാമ്പസുകൾ തുടങ്ങാനുള്ള ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ, വിദേശത്ത് നാല് ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കാനുള്ള ബജറ്റ് നിർദേശവും വിവാദത്തിൽ. ഉന്നത വിദ്യാഭ്യാസ വകുപ്പിനും സി.പി.എം കേന്ദ്രങ്ങൾക്കും ഇതിനെക്കുറിച്ച് അറിവില്ല. ബജറ്റിൽ പ്രഖ്യാപനം വന്നപ്പോഴാണ് വകുപ്പ് തന്നെ ഇതറിഞ്ഞത്.
യൂറോപ്പ്, യു.എസ്.എ, ഗൾഫ് നാടുകൾ, സിംഗപ്പൂർ എന്നിവിടങ്ങളിൽ 2024 മേയ് മുതൽ ജൂൺ വരെ നാല് കോൺക്ലേവുകൾ നടത്താൻ ഉദ്ദേശിക്കുന്നെന്നും ആഗസ്റ്റിൽ സംസ്ഥാനത്ത് ഹയർ എജുക്കേഷൻ ട്രാൻസ്ഫോമേഷൻ ഇനിഷ്യേറ്റിവ്-ഗ്ലോബൽ കോൺക്ലേവ് നടത്തുമെന്നുമാണ് ബജറ്റ് പ്രഖ്യാപനം. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനാകും ചുമതലയെന്നും ഉന്നത വിദ്യാഭ്യാസ നിക്ഷേപ നയം രൂപവത്കരിക്കുകയെന്നത് ഇതിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നെന്നും ബജറ്റ് പ്രസംഗത്തിൽ പറയുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയാതെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ കേന്ദ്രീകരിച്ച് പരിപാടി നടത്തുമെന്ന് പറയുന്നതിലാണ് ദുരൂഹത. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം ആകർഷിക്കാനെന്ന പേരിൽ നടത്തുന്ന സംരംഭത്തിനു പിന്നിൽ ചിലരുടെ സാമ്പത്തിക താൽപര്യങ്ങളുമുണ്ടെന്നാണ് ആരോപണം. ഇത്തരമൊരു നിർദേശം ഭരണവകുപ്പായ ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാതെ ബജറ്റിൽ ഉൾക്കൊള്ളിച്ചത് ദുരൂഹമാണ്. സമാന രീതിയിലാണ് വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ കാമ്പസ് അനുവദിക്കാനുള്ള സാധ്യത പരിശോധിക്കാനുള്ള ബജറ്റ് നിർദേശവും. സി.പി.എം പോളിറ്റ് ബ്യൂറോ പരസ്യമായി തള്ളിയ നിർദേശം കേരള ബജറ്റിൽ ഇടംപിടിച്ചതും വൈരുധ്യമായി.
തിരുവനന്തപുരം: വിദേശ സർവകലാശാലകളെ കുറിച്ച് ആലോചിക്കുമെന്നാണ് ബജറ്റില് പറഞ്ഞതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. സ്വകാര്യ സർവകലാശാല സംബന്ധിച്ച പ്രഖ്യാപനം പുതിയ കാര്യമല്ല. വിദ്യാഭ്യാസ നിലവാരമുറപ്പാക്കാൻ സ്വകാര്യ സർവകലാശാലകൾ നല്ലതാണ്. ശക്തമായ സർക്കാർ നിയന്ത്രണങ്ങളോടെയാകും അനുമതി.
മുമ്പത്തെ സമരം അക്കാലത്തിന് അനുസരിച്ചുള്ളതാണെന്ന് സ്വാശ്രയ വിരുദ്ധ സമരങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രി പറഞ്ഞു. പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തു, ഇപ്പോൾ കമ്പ്യൂട്ടർ മാറ്റിവെക്കാനാകുമോ -മന്ത്രി ചോദിച്ചു. സ്വകാര്യ സർവകലാശാലകൾ തുടങ്ങാനെടുത്ത തീരുമാനം വൈകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.