പത്തനംതിട്ട: ഏഴായിരം ഏക്കര്‍ വിസ്തൃതിയുള്ളതും സംസ്ഥാനത്തെ ഏറ്റവും വലിയ സംരക്ഷിത വനമേഖലയുമായ പൊന്തന്‍പുഴ വലിയകാവ് റിസര്‍വിനോട് ചേര്‍ന്ന് മൂന്ന് നൂറ്റാണ്ടായി താമസിക്കുന്ന 512 കുടുംബങ്ങളെ വ്യാജ രേഖയുടെ മറവില്‍ കുടിയിറക്കാന്‍ വനംവകുപ്പ് നീക്കം ഊർജ്ജിതം. വലിയകാവ് റിസര്‍വ് വനത്തിനോട് ചേര്‍ന്നു കിടക്കുന്ന 432.50 ഏക്കര്‍ ഭൂമിയാണ് ഹരിപ്പാട് സ്വദേശി രഘുനാഥപിള്ളയ്ക്ക് തീറെഴുതാന്‍ വനംവകുപ്പ് ഒരുങ്ങുന്നത്. ഇതില്‍ 257 ഏക്കര്‍ ജനവാസ മേഖലയും ഉള്‍പ്പെടുന്നു.
കേരള ഹൈകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്താണ് പെരുമ്പട്ടി വില്ലേജിലെ സര്‍വേ നമ്പര്‍ 283/1-ല്‍ ഉള്‍പ്പെട്ട ഭൂപ്രദേശത്തിനു മേല്‍ രഘുനാഥപിള്ള അവകാശം ഉന്നയിച്ചത്. ഭൂമി അളന്നു തിരിക്കാന്‍ സര്‍വേ ഡയറക്ടറും പത്തനംതിട്ട ജില്ലാ സര്‍വേ സൂപ്രണ്ടും റാന്നി ഡി.എഫ്.ഒയും മല്ലപ്പള്ളി തഹസീല്‍ദാരും ചേര്‍ന്ന് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
പൊന്തന്‍പുഴ വനവും ജനവാസ മേഖലയും ഉള്‍പ്പെടുന്ന സ്‌കെച്ചാണ് രഘുനാഥപിള്ള വനംവകുപ്പിന് സമര്‍പ്പിച്ചത്. യഥാര്‍ഥത്തില്‍ വനാതിര്‍ത്തി അളന്ന് തിട്ടപ്പെടുത്താന്‍ മാത്രമാണ് ഹൈകോടതി നിര്‍ദ്ദേശം. മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ ഭരിച്ച കാലത്ത് എഴുമറ്റൂര്‍ കോവിലകത്തിന് ചെമ്പോല തിട്ടൂരത്തിലൂടെ കൈമാറിയതാണ് ഇപ്പോഴത്തെ വലിയകാവ് സംരക്ഷിത വനമേഖല. എന്നാല്‍ ചെമ്പോല തിട്ടൂരം ഇന്ന് ജന്മിയുടെ കൈവശം ഇല്ല. മലയാളം വട്ടഴുത്തില്‍ രൂപപ്പെടുത്തിയ ചെമ്പോലയുടെ ഇന്നത്തെ മലയാളത്തിലുളള പകര്‍പ്പ് മാത്രമാണ് രേഖയായുള്ളത്.
കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുമ്പുതന്നെ വനംവകുപ്പിന്റെ അധീനതിയില്‍ എത്തിച്ചേര്‍ന്ന വനമേഖല തങ്ങളുടെതാണെന്ന് അവകാശപ്പെട്ട് ജന്മിയായ എഴുമറ്റൂര്‍ കോവിലകം അഞ്ച് പതിറ്റാണ്ട് മുമ്പ് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ 7000-ല്‍ പരം ഏക്കര്‍ വരുന്ന ഭൂമി കോവിലകം പാലാ ഈറ്റത്തോട് ചെറിയത് ജോസഫ് എന്ന വ്യക്തിക്കും തറയില്‍ ഉമ്മന്‍ എന്ന വ്യക്തിക്കുമായി കൈമാറി. ചെറിയത് ജോസഫ് തനിക്ക് ലഭിച്ച ഭൂമി 283 പേര്‍ക്കായി വീതിച്ചു നല്‍കി. തറയില്‍ ഉമ്മന്‍ തനിക്ക് കിട്ടിയ ഭൂമിയില്‍ നിന്നും 432.5 ഏക്കര്‍ സ്ഥലം ഹരിപ്പാട് പുലിത്തിട്ട സ്വദേശി മാധവന്‍പിള്ളയ്ക്ക് കൈമാറി. മാധവന്‍പിള്ളയുടെ കാലശേഷം അദ്ദേഹത്തിന്റെ മകനായ രഘുനാഥപിള്ളയാണ് ഭൂമിയ്ക്കുമേല്‍ അവകാശം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
അഞ്ചു വര്‍ഷം മുമ്പ് ഹൈകോടതി കോവിലകത്തിന്റെ അവകാശവാദത്തെ ശരിവച്ച് 283 കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറിയ നടപടി ശരിവച്ചതോടെ വനംവകുപ്പിന് ഭൂമിക്കുമേലുള്ള അധികാരം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതിയിൽ നിന്ന് തല്‍സ്ഥിതി തുടരാന്‍ വിധി വന്നതോടെ ഇപ്പോള്‍ വനഭൂമി വനംവകുപ്പിന്റെ അധീനതയില്‍ എത്തിയിരിക്കുകയാണ്. ശ്രീമൂലം പ്രജാസഭാ അംഗമായിരുന്ന കാവാരിക്കുളം കണ്ടന്‍കുമാരന്‍ ജനിച്ചു വളര്‍ന്ന കൈവശഭൂമിക്ക് പട്ടയം നല്‍കാന്‍ ചില ജന്മിമാരുടെ അവകാശവാദത്തിന് കൂട്ടുനില്‍ക്കുന്ന വനം വകുപ്പ് ഇപ്പോഴും തടസം നില്‍ക്കുകയാണ്. വനംവകുപ്പ്നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് പെരുമ്പട്ടിയിലെ കൈവശ കൃഷിക്കാര്‍ രംഗത്തിറങ്ങി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.