അടിമാലി: കോടതി ഉത്തരവിനെ തുടർന്ന് രാജപാത തുറക്കുകയും കുറത്തിക്കുടി ആദിവാസി കോളനി വഴി വിനോദ സഞ്ചാരികൾ എത്തുകയും ചെയ്തതോടെ ആദിവാസികൾ തുടങ്ങിയ കടകൾ പൊളിപ്പിച്ച് വനപാലകർ. ലൈസൻസ് ഇല്ലാത്ത കടകൾ പ്രവർത്തിക്കാൻ പാടില്ലെന്ന് പറഞ്ഞാണ് വനംവകുപ്പിന്റെ നടപടി.
കുറത്തിക്കുടി നിവാസികളായ രഘു, ഗോപി, തങ്കച്ചൻ, ഭുവനേന്ദ്രൻ, റെജി, റാണി എന്നിവർ തുടങ്ങിയ കടകളാണ് കഴിഞ്ഞ ദിവസം വനപാലകർ പൊളിച്ചത്. ഈറ്റയും മുളയും ഉപയോഗിച്ച് നിർമിച്ച കടകൾ ആദിവാസികളെ ഭീഷണിപ്പെടുത്തിയാണ് പൊളിപ്പിച്ചത്. രാജപാത തുറന്നത് റിസർവ് വനത്തിലെ വന്യ ജീവികൾക്കും ആദിവാസികൾക്കും വലിയ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി വനപാലകർ ആരോപിച്ചിരുന്നു. അടുത്തിടെ രണ്ട് സംഭവങ്ങളിലായി നാല് ആനക്കൊമ്പുകളും ഈ മേഖലയിൽ നിന്ന് വനപാലകർ പിടികൂടിയിരുന്നു. അവറുക്കുട്ടി റിസർവ് വനത്തിൽ വളർത്തുനായയുമായി എത്തിയ യുവാക്കളെയും വനപാലകർ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സംഭവത്തിലടക്കം വനപാലകർ നിരവധി ആക്ഷേപങ്ങൾ കേൾക്കുന്നതിനിടെയാണ് ആദിവാസി സങ്കേതത്തിൽ ആദിവാസികൾ തന്നെ തുടങ്ങിയ കടകൾ പൊളിച്ച് നീക്കാൻ വനപാലകർ രംഗത്തിറങ്ങിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാടിൽ വ്യാപക പ്രതിഷേധമാണ് കുറത്തിക്കുടി മേഖലയിൽ ഉള്ളത്.
സാധാരണക്കാരും പാവപ്പെട്ടവരുമായ ആദിവാസി സമൂഹത്തിന്റെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറയുന്നു. പൊളിച്ചുമാറ്റിയ കടകൾ സെറ്റിൽമെന്റിൽ തന്നെ പുനസ്ഥാപിച്ച് പ്രവർത്തിപ്പിക്കാൻ പിന്തുണ നൽകുമെന്ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ അൻസാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.