അട്ടപ്പാടിയിലെ വ്യാജരേഖ: സത്യാഗ്രഹം നടത്തുമെന്ന് ആദിവാസി കുടുംബം; മുഖ്യമന്ത്രിക്ക് കത്തയച്ചു

കോഴിക്കോട് : അട്ടപ്പാടിയിലെ വെച്ചപ്പതിയിൽ ആദിവാസി ഭൂമി കൈയേറാൻ വ്യജരേഖ നിർമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹസമരം നടത്തുമെന്ന് ഊരിലെ മുരുകന്റെ കുടുംബം. ഷോളയൂർ വില്ലേജ് ഓഫിസിന് മുന്നിൽ ഈമാസം 25ന് സത്യാഗ്രഹം നടത്തുമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയെന്ന് മുരുകൻ മാധ്യമം ഓൺലൈനോട് പറഞ്ഞു.

ഷോളയൂർ വില്ലേജിൽ സർവേ നമ്പർ 1795-ൽ ആദിവാസി ഭൂമിയും, പുറമ്പോക്കും ഉൾപ്പെട്ടതാണ്. ആദിവാസി ഭൂമി ആർക്കുംതന്നെ കൈമാറുകയോ, വിൽപ്പന നടത്തുകയോ ചെയ്‌തിട്ടില്ല. എന്നാൽ, ഈ ഭൂമിക്ക് നിരവധി ആധാരങ്ങളും, നികുതി രസീതുകളും, കൈവശ സർട്ടിഫിക്കറ്റുകളും ആദിവാസികളല്ലാത്തവർ ഉണ്ടാക്കിയിരിക്കുന്നു. അത്തരം കള്ളരേഖകൾ ഉപയോഗിച്ച് ഹൈക്കോടതിയിലും, മുൻസിഫ് കോടതിയിലും കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. കോടതി ഉത്തരവിന്റെ പിൻബലത്തിൽ പൊലീസിനെ ഉപയോഗിച്ച് ഭൂമിയിൽ പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്.

 

അട്ടപ്പാടി ട്രൈബൽ താലൂക്ക്, സർവേ, വില്ലേജ് ഓഫീസുകളിൽ നിന്ന് ആദിവാസികളല്ലാത്തവർക്ക് ഉദ്യോഗസ്ഥരുടെ സഹായത്തോട് വ്യാജ രേഖകൾ ഒറിജിനൽ രേഖകളാക്കി മാറ്റുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവുകൾ സമ്പാദിക്കുന്നത്. കോടതി ഉത്തരവ് നടപ്പാക്കാൻ പൊലീസ് നിർബന്ധിതരാകുന്നു. കള്ളരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തതിന് ഉദാഹരണമായി ഷോളയൂർ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രവും മുരുകന്റെ കൈവശമുണ്ട്.

കോയമ്പത്തൂർ സ്വദേശി നൽകിയ അപേക്ഷയിൽ ഷോളയൂർ വില്ലേജ് ഓഫിസർ അന്വേഷണം നടത്തിയിരുന്നു. 1794/1,2,3 എന്നീ സർവേ നമ്പരുകളിലെ രണ്ട് ഹെക്ടർ 42 ആർ ഭൂമി 1144/08 ആധാരപ്രകാരം ഇയാളുടെ കൈവശമുണ്ട്. എന്നാൽ, വില്ലേജ് രേഖകൾ പരിശോധിച്ചപ്പോൾ ഈ ഭൂമിയുടെ യഥാർഥ സർവേ നമ്പർ 1367/4 ൽ 0.74 ഹെക്ടർ 1795/2 ൽ 0.68 ഹെക്ടർ 1794/1 ൽ 0.65 ഹെക്ടർ എന്നിവയാണെന്ന കണ്ടെത്തി. ആധാരത്തിലെ ഭൂമിയും വില്ലേജ് രേഖകളിലെ ഭൂമിയും ബന്ധമില്ലെന്നാണ് വില്ലേജ് ഓഫിസർ കണ്ടെത്തിയെന്നും മുരുകൻ പറയുന്നു.

വെച്ചപ്പതിയിലെ സർവേ 1795 ൽ ആദിവാസികൾ അല്ലാത്തവർ ഉണ്ടാക്കിയതും റവന്യൂ ഉദ്യോഗസ്ഥർ നൽകിയതമായി എല്ലാ രേഖകളും റദ്ദ് ചെയ്യാൻ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടാണ് ആദിവാസി കുടുംബം സത്യാഗ്രസമരം നടത്തുന്നത്. ആദിവാസികൾക്ക് അട്ടപ്പാടിയിലെ മണ്ണിൽ ജീവിക്കണം. അതിന് സർക്കാരിന്റെ സംരക്ഷണം ആവശ്യപ്പെട്ടാണ് സത്യാഗ്രഹം നടത്തുന്നതെന്നും മരുകൻ പറഞ്ഞു.

Tags:    
News Summary - Forgery in Attapadi: Letter sent to Chief Minister that Satyagraha will be held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.