കോട്ടയം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പി.ടി. ചാക്കോ അന്തരിച്ചിട്ട് ആഗസ്റ്റ് ഒന്നിന് അറുപതുവർഷം. രാവിലെ കോട്ടയം നഗരത്തിലെ ചാക്കോയുടെ പ്രതിമയിൽ പുഷ്പാർച്ചന ഉൾപ്പെടെ ചടങ്ങുകൾ നടക്കും. കോട്ടയത്തുകാർക്ക് ഒരിക്കലും മറക്കാനാകാത്ത ജനകീയ നേതാവായിരുന്നു മാധ്യമങ്ങൾ പലപ്പോഴും ‘മന്ത്രി മുഖ്യൻ’ എന്ന് വിശേഷിപ്പിച്ചിരുന്ന പി.ടി. ചാക്കോ. 1915 ഏപ്രിൽ ഒമ്പതിന് വാഴൂരിൽ ജനിച്ച അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലാവുകയും 14 മാസം ജയിലിൽ കഴിയുകയും ചെയ്തു. ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതികരിച്ചതിന് ആറുമാസം തടവിലാവുകയും ചെയ്തു.
1964 ഫെബ്രുവരിയിൽ കോൺഗ്രസിലുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച ചാക്കോ അഭിഭാഷകവൃത്തിയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനിടെ കോഴിക്കോട് കുറ്റ്യാടിക്ക് സമീപം ഒരു കൊലക്കേസിന്റെ സ്ഥലം കാണാൻ പോയപ്പോൾ അവിടെ വച്ച് മരണമടയുകയായിരുന്നു. 49ാം വയസ്സിൽ മരണമടയുമ്പോഴും മൂന്ന് ദശാബ്ദം നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിൽ തന്റേതായ പേര് ചരിത്രത്തിൽ രേഖപ്പെടുത്തിയാണ് അദ്ദേഹം മടങ്ങിയത്. ഇന്നും കോട്ടയത്തിന്റെ അടയാളമായി പി.ടി. ചാക്കോയുടെ പ്രതിമ ശേഷിക്കുന്നുണ്ടെങ്കിൽ അത് ജനമനസ്സിൽ അദ്ദേഹം നേടിയ സ്ഥാനം വ്യക്തമാക്കുന്നു. സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയ ചാക്കോ കോട്ടയം ഡി.സി.സി പ്രസിഡന്റ്, തിരുവിതാംകൂർ അസംബ്ലി, ഇന്ത്യൻ ഭരണഘടന നിർമാണ സമിതി, ഒന്നാം ലോക്സഭ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വരുമ്പോൾ പ്രതിപക്ഷ നേതാവുമായിരുന്നു അദ്ദേഹം. വിമോചനസമരം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും നേതൃത്വം നൽകി. 1960ൽ പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ കൂട്ടുമന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ആഭ്യന്തര മന്ത്രിയായി. എന്നാൽ, 1964 ഫെബ്രുവരിയിൽ അദ്ദേഹം രാജിവെച്ചു.
ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവർക്കുവേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു പി.ടി. ചാക്കോയുടെ പ്രവർത്തനരീതിയെന്ന് മകനും മുൻ എം.പിയുമായ പി.സി. തോമസ് അനുസ്മരിച്ചു. തന്റെ പാർട്ടിയിൽപെട്ടവരും അല്ലാത്തവരുമായി വലിയൊരു ജനവിഭാഗം അദ്ദേഹത്തെ താൽപര്യത്തോടെയാണ് കണ്ടത്. ഒരുപക്ഷേ കൂടുതൽ നാൾ അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ കേരളത്തിനും രാഷ്ട്രത്തിനും ഏറെ ഗുണകരമായിരുന്നു എന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.