കൊച്ചി: വൈറ്റിലക്കടുത്ത് മുൻ മിസ് കേരളയും റണ്ണറപ്പും അടക്കം മൂന്നുപേർ മരിച്ച സംഭവത്തിൽ അപകടത്തിൽപെട്ട വാഹനത്തെ മട്ടാഞ്ചേരിയിലെ ഹോട്ടലിൽനിന്നിറങ്ങിയതു മുതൽ ഒരു ഓഡി കാർ പിന്തുടർന്നിരുന്നതായി വെളിപ്പെടുത്തൽ. അപകടത്തിൽ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കാർ ഡ്രൈവർ മാള സ്വദേശി അബ്ദുൽ റഹ്മാനാണ് പൊലീസിനോട് വെളിപ്പെടുത്തൽ നടത്തിയത്. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ഇയാളുടെ മൊഴി ആശുപത്രിയിൽെവച്ചാണ് പൊലീസ് രേഖപ്പെടുത്തിയത്.
ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാർ പിന്തുടരുന്നതായി കണ്ടെത്താനായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. എന്നാൽ, ഓഡി കാർ ഇവരെ പിന്തുടർന്നതാണോ കാറുകൾ മത്സരയോട്ടത്തിൽ ഏർപ്പെട്ടിരുന്നതാണോയെന്നതിൽ കൃത്യത വന്നിട്ടില്ല. ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. അന്ന് ഓഡി കാർ ഓടിച്ചിരുന്ന ഉടമ സൈജുവിനെ പൊലീസ് ശനിയാഴ്ച വിളിച്ചുവരുത്തി ചോദ്യംചെയ്തു.
ഹോട്ടലിൽ ഉണ്ടായിരുന്നവരാകാം തങ്ങളെ പിന്തുടർന്നതെന്നാണ് ഡ്രൈവർ നൽകിയ മൊഴി. ഇവർ വേഗതയിൽ പിന്തുടരുകയായിരുന്നുവത്രേ. ഹോട്ടലിൽനിന്ന് ഇറങ്ങിയശേഷം അപകടത്തിൽപെട്ട കാറിലുണ്ടായിരുന്നവർ കുണ്ടന്നൂരിൽവെച്ച് മറ്റൊരു വാഹനത്തിെൻറ ഡ്രൈവറുമായി വാക്തർക്കമുണ്ടായതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. അത് സൈജുവാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിനുശേഷം കൂടുതൽ വേഗതയിലാണ് രണ്ട് വാഹനങ്ങളും സഞ്ചരിച്ചതെന്നാണ് വിഡിയോ ദൃശ്യങ്ങളിൽനിന്ന് പ്രഥമദൃഷ്ട്യ വ്യക്തമാകുന്നത്.
മുന്നിലെ കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതിനാൽ പതുക്കെ പോകാൻ നിർദേശിക്കാനാണ് താൻ അവരെ പിന്തുടർന്നതെന്നാണ് സൈജു പൊലീസിന് നൽകിയ മൊഴി. മാത്രമല്ല, അപകടമുണ്ടായശേഷം അക്കാര്യം കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചതായും പറഞ്ഞു. അപകടമുണ്ടായശേഷം ഓഡി കാർ ഇടപ്പള്ളി ഭാഗത്തേക്ക് പോയശേഷം മടങ്ങിവന്നതായും കാർ ഓടിച്ചിരുന്ന വ്യക്തി ഇറങ്ങിവരുന്നതായും പൊലീസ് ശേഖരിച്ച ദൃശ്യങ്ങളിലുണ്ട്.
മരണപ്പെട്ടവർ അവസാനം ഉണ്ടായിരുന്ന മട്ടാേഞ്ചരിയിലെ നമ്പര്‍18 ഹോട്ടലിലെ സംഭവദിവസത്തെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമേ പൊലീസിന് കേസിൽ കൂടുതൽ മുന്നോട്ട് പോകാനാവൂ.
എന്നാൽ, ഈ ദൃശ്യങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍ പൊലീസിന് ഇതുവരെ കണ്ടെത്താനായില്ല. ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഒളിപ്പിച്ചെന്ന് ജീവനക്കാരന് മൊഴി നല്‍കിയിരുന്നു. തുടർന്ന് ഹോട്ടലുടമ റോയിയെ പൊലീസ് ചോദ്യംചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഒളിവിൽ പോയതായാണ് വിവരം. ഡ്രൈവർ അബ്ദുൽ റഹ്മാനെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമത്തിലാണ് െപാലീസ്. മുന്‍ മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്ജന ഷാജൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവരാണ് ഈ മാസം ഒന്നിനുണ്ടായ അപകടത്തില്‍ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.