മരം മുറി ഉത്തരവിനെ ന്യായീകരിച്ച് മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ

തിരുവനന്തപുരം: വിവാദമായ മരം മുറി ഉത്തരവിനെ ന്യായീകരിച്ച് മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. പട്ടയ ഭൂമിയിൽ കർഷകർ നട്ടുപിടിപ്പിച്ച മരങ്ങൾ മുറിക്കാനാണ് അനുമതി നൽകിയതെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. അതിൽതന്നെ ചന്ദനം പോലുള്ളവ മുറിക്കരുതെന്ന് നിഷ്കർഷിച്ചിരുന്നു. രാജകീയ മരങ്ങൾ മുറിക്കാൻ അനുമതി കൊടുത്തിട്ടില്ല. അനുവാദം നൽകിയെന്ന പ്രചാരണം തെറ്റാണെന്നും മുൻ മന്ത്രി വ്യക്തമാക്കി.

റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിന്‍റെ മുഴുവൻ ഉത്തരവാദിത്തവും തനിക്കാണ്. തന്‍റെ നിർദേശ പ്രകാരമാണ് മരം മുറിക്കാൻ ഉത്തരവിറക്കിയത്. ഭൂമി കൈമാറുന്നതിന് മുമ്പുള്ള മരങ്ങൾ മുറിക്കാൻ അനുവാദമില്ല. ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്തെങ്കിൽ സംസ്ഥാന സർക്കാർ അന്വേഷിക്കുമെന്നും ഇ. ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.

വിവാദ മരംമുറി ഉത്തരവിന് നിർദേശം നൽകിയത് മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണെന്ന് തെളിയിക്കുന്ന നടപടിക്രമങ്ങളുടെ പൂർണവിവരം ഇന്ന് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഈട്ടി, തേക്ക് എന്നീ മരങ്ങൾ മുറിക്കരുതെന്ന വ്യവസ്ഥ മറികടക്കാൻ നിർദേശം നൽകിയതും മുൻ മന്ത്രിയാണ്. വിഷയത്തിൽ നിയമ വകുപ്പിന്‍റെ അഭിപ്രായം ലഭിക്കാതെയാണ് തീരുമാനമെടുത്തതെന്നും നടപടിക്രമങ്ങളിൽ വ്യക്തമാകുന്നു.

21/10/2019ൽ നിയമ വകുപ്പിന്‍റെയും അഡീഷണൽ എ.ജിയുടെയും അഭിപ്രായം തേടി മുൻ മന്ത്രി ചന്ദ്രശേഖരൻ ഫയലിൽ കുറിച്ചിരുന്നു. എന്നാൽ, 05/10/2020 നിയമ വകുപ്പിന്‍റെ മറുപടി ലഭിക്കും മുമ്പ് മന്ത്രി തീരുമാനമെടുത്തുവെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു. ഈട്ടി, തേക്ക് എന്നീ മരങ്ങൾ മുറിക്കരുതെന്ന വ്യവസ്ഥ മറികടക്കാൻ നിർദേശം നൽകിയതും മുൻ റവന്യൂ മന്ത്രിയാണ്. ഈ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും 2017ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ലെന്നും ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചിരുന്നു.

Tags:    
News Summary - Former Revenue minister E Chandrasekharan react to Tree Cutting Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.