കൊച്ചി: പട്ടയ ഭൂമിയിൽനിന്ന് മരം മുറിച്ചത് അധികൃതരിൽനിന്ന് മറച്ചുവെക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് ഓഫിസർ കുറ്റക്കാരനെന്ന വിജിലൻസ് കോടതി ഉത്തരവ് ഹൈകോടതി ശരിവെച്ചു. അതേസമയം, കോഴിക്കോട് വിജിലൻസ് കോടതി വിധിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ ഒരു വർഷമാക്കി ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇളവ് ചെയ്തു.
വയനാട് തരിയോട് മുൻ വില്ലേജ് ഓഫിസർ പി.സി. രാജേന്ദ്രൻ നൽകിയ അപ്പീൽ ഹരജി പരിഗണിച്ചാണ് ഉത്തരവ്. പ്രതി 73കാരനായ അംഗപരിമിതനാണെന്നത് കണക്കിലെടുത്താണ് കോടതി ശിക്ഷ ഒരു വർഷമായി വെട്ടിക്കുറച്ചത്.
ഹൗസിങ് ലോണിനായി വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ 2000 ജൂലൈയിൽ എത്തിയ തരിയോട് സ്വദേശി ജോസിനോട് പ്രതി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. പട്ടയഭൂമിയിൽനിന്ന് ജോസ് മരം വെട്ടിയെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം കലക്ടറേറ്റിൽ അറിയിക്കാതിരിക്കാൻ 4000 രൂപ വേണമെന്നും അപേക്ഷ പരിഗണിക്കുന്നതിനിടെ വില്ലേജ് ഓഫിസർ വ്യക്തമാക്കി. 500 രൂപ കൈപ്പറ്റുകയും ചെയ്തു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് സംഘം ഫിനോഫ്‌തലീൻ പുരട്ടി നൽകിയ നോട്ടുകൾ ജോസ് വില്ലേജ് ഓഫിസർക്ക് കൈമാറി. തുടർന്നാണ് അറസ്റ്റിലായത്.
കേസിൽ കൈക്കൂലി വാങ്ങിയ കുറ്റത്തിനും ഔദ്യോഗിക കൃത്യവിലോപത്തിനും കോഴിക്കോട് വിജിലൻസ് കോടതി രണ്ടു വർഷം വീതം തടവും 5,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഇതിനെതിരെയാണ് രാജേന്ദ്രൻ അപ്പീൽ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.