കോഴിക്കോട്: വ്യാഴാഴ്ച അധികാരമേറ്റ രണ്ടാം പിണറായി മന്ത്രിസഭയിൽ മുന്നാക്ക സവർണ വിഭാഗങ്ങൾക്ക് ആധിപത്യം. അതേസമയം, ദലിത് മുസ്ലിം വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതത്തിെൻറ പാതിപോലും പ്രാതിനിധ്യം ലഭിച്ചില്ല. കേരളീയ ജനസംഖ്യയിൽ 12.5 ശതമാനമാണ് നായർ വിഭാഗം. സി.പി.എമ്മിന് ലഭിച്ച 12 മന്ത്രിമാരിൽ അഞ്ചുപേരും (41.67 ശതമാനം) നായർ വിഭാഗത്തിൽനിന്നുള്ളവരാണ്. പി. രാജീവ്, കെ.എൻ. ബാലഗോപാൽ, വി ശിവൻ കുട്ടി, ആർ. ബിന്ദു എന്നിവർ. ഇതിനു പുറമെ സ്പീക്കർ എം.ബി. രാജേഷും നായർ വിഭാഗത്തിൽെപടും. സി.പി.ഐക്ക് ലഭിച്ച നാലു മന്ത്രിമാരിൽ മൂന്നു പേരും (75 ശതമാനം) നായർ വിഭാഗക്കാരാണ്. പി. പ്രസാദ്, കെ. രാജൻ, ജി.ആർ. അനിൽ എന്നിവർ.
ചീഫ് വിപ്പായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ എൻ. ജയരാജനും നായർ സമുദായക്കാരനാണ്.
എന്നാൽ, 26.9 ശതമാനമുള്ള മുസ്ലിം വിഭാഗത്തിന് ലഭിച്ചത് 14.28 ശതമാനം പ്രാതിനിധ്യം മാത്രമാണ്. സി.പി.എമ്മിലെ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ, ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിൽ എന്നീ മൂന്നു പേരാണ് മന്ത്രിസഭയിലുണ്ടാവുക. ജനസംഖ്യയുടെ 9.1ശതമാനമുള്ള പട്ടികജാതി വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം മാത്രമാണ് കിട്ടിയത്. അതായത് 4.15 ശതമാനം പ്രാതിനിധ്യം. സി.പി.എമ്മിലെ കെ. രാധാകൃഷ്ണനാണ് പട്ടികജാതി വിഭാഗത്തിൽനിന്നുള്ള ഏക മന്ത്രി. ആദിവാസി വിഭാഗത്തിൽനിന്ന് ഒരാൾപോലും മന്ത്രിസഭയിലില്ല.
സംസ്ഥാന ജനസംഖ്യയിൽ 18 ശതമാനമുള്ള ക്രിസ്ത്യൻ വിഭാഗത്തിൽ മന്ത്രിസഭയിൽ 19.05 ശതമാനം പ്രാതിനിധ്യം ലഭിച്ചു. കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മുസ്ലിം ലീഗിന് അഞ്ചു മന്ത്രിമാരെ ലഭിച്ചപ്പോൾ അന്ന് കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സാമുദായിക സമവാക്യം തെറ്റുമെന്ന് പറഞ്ഞ് സി.പി.എമ്മും അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് വലിയ സാമുദായിക ധ്രുവീകരണത്തിനുവരെ ഇതു വഴിതുറക്കുകയുണ്ടായി. എന്നാൽ, പുതിയ മന്ത്രിസഭയിലെ രണ്ടു സമുദായങ്ങളുടെ പ്രാതിനിധ്യക്കുറവ് ആരും ഏറ്റുപിടിച്ചിട്ടില്ല. യു.ഡി.എഫ്പോലും ഇൗ വിഷയത്തിൽ പരിഭവം അറിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.