ഹലാൽ സ്റ്റിക്കർ മാറ്റണമെന്ന് ഭീഷണിപ്പെടുത്തിയ നാല് പേർ ആലുവയിൽ അറസ്റ്റിൽ

കൊച്ചി: എറണാകുളം കുറുമശേരിയിലെ ബേക്കറിയിൽ ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ നീക്കണമെന്ന ഭീഷണിപ്പെടുത്തിയ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ അരവിന്ദ്, ജന. സെക്രട്ടറി ധനേഷ് പ്രഭാകരന്‍ എന്നിവരേയും സുജയ്, ലെനിന്‍ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ബേക്കറിയിൽ പ്രവർത്തക൪ നേരിട്ടെത്തിയാണ് ഉടമയോട് ഈ ആവശ്യം ഉന്നയിച്ചുളള കത്ത് കൈമാറിയത്.

ഹലാൽ വിഭവങ്ങൾ ലഭ്യമാണെന്ന് കുറുമശ്ശേരിയിലെ ജോയിയുടെ ഉടമസ്ഥതയിലുള്ള മോഡി എന്ന് പേരുള്ള ബേക്കറിയുടെ മുമ്പിൽ ഒട്ടിച്ചിരുന്നു. ഇതുകണ്ട് രണ്ടാഴ്‌ച മുമ്പ് പ്രവർത്തനം തുടങ്ങിയ ബേക്കറിയിലേക്ക് പാറക്കടവ് പ്രദേശത്തെ ഹിന്ദു ഐക്യവേദി പ്രവ൪ത്തക൪ കട ഉടമക്ക് സംഘടനയുടെ ലെറ്റർ പാഡിലുളള കത്ത് കൈമാറി. ഏതെങ്കിലും മതത്തിന്‍റെ പേരിലുള്ള ഭക്ഷണത്തിലെ വേര്‍തിരിവ് അയിത്താചരണവും കുറ്റകരവുമാണ് എന്നാണ് നോട്ടീസിലെ വാദം.

കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം സ്റ്റിക്ക൪ നീക്കിയില്ലെങ്കിൽ സ്ഥാപനം ബഹിഷ്‌കരിക്കുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. വിവാദം ഒഴിവാക്കാൻ കട ഉടമ സ്റ്റിക്ക൪ നീക്കി.

അതേസമയം, സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധിച്ച പൊലീസ് വിഷയത്തിൽ ഇടപെട്ടു. കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. സംഭവത്തിൽ കൂടുതൽ പേ൪ക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം നടക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.