കൊച്ചി: കളമശ്ശേരിയിലെ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല കാമ്പസിൽ (കുസാറ്റ്) ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു പേർ മരിച്ചു. രണ്ടാംവർഷ സിവിൽ വിദ്യാർഥി എറണാകുളം കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകൻ അതുൽ തമ്പി, രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർഥിനി പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജുകുട്ടിയുടെ മകൾ ആൻ റിഫ്ത്ത (20), രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥിനി കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മൈലേലംപാറ വയലപള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (19) എന്നീ വിദ്യാർഥികളും പാലക്കാട് മുണ്ടൂർ സ്വദേശിയായ ആൽബിൻ ജോസഫുമാണ് മരിച്ചത്. നാലുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.
64 പേർക്ക് പരിക്കുണ്ട്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. കളമശ്ശേരി മെഡിക്കൽ കോളജിൽ രണ്ടു പേർ ഐ.സിയുവിലാണ്. മെഡിക്കൽ കോളജിൽനിന്ന് ഗുരുതരാവസ്ഥയിലുള്ള രണ്ട് പെൺകുട്ടികളെ ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റി. 46 പേരെ കളമശ്ശേരി മെഡിക്കൽ കോളജിലും മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കളമശ്ശേരി കിൻഡർ, കാക്കനാട് സൺറൈസ്, കൊച്ചി ആസ്റ്റർ ആശുപത്രികളിലാണ് പരിക്കേറ്റ മറ്റുള്ളവരുള്ളത്.
ആൻ റിഫ്ത്തയുടെ പിതാവ് റോയ് ജോർജുകുട്ടി ചവിട്ടുനാടക ആശാനാണ്. മാതാവ്: സിന്ധു ഇറ്റലിയിലാണ്. സഹോദരൻ: റിഥുൽ.
അതുൽ തമ്പി കോളജ് ഹോസ്റ്റലിലായിരുന്നു താമസം. പിതാവ് തമ്പി കൂലിപ്പണിക്കാരനാണ്. മാതാവ് ലില്ലി റിട്ട. പി.ഡബ്ലിയു.ഡി ജീവനക്കാരിയാണ്. കാക്കനാട് ഇൻഫോപാർക്ക് ജീവനക്കാരനായ അജിൻ തമ്പിയാണ് സഹോദരൻ.
സാറ തോമസിന്റെ സഹോദരങ്ങൾ: സൂസൻ, സാനിയ.
ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് ദുരന്തമുണ്ടായത്. കുസാറ്റ് സ്കൂള്‍ ഓഫ് എൻജിനീയറിങ്ങിലെ (എസ്.ഒ.ഇ) ഏറ്റവും വലിയ ആഘോഷമായ ടെക്നിക്കല്‍ ഫെസ്റ്റ് ‘ധിഷണ’ക്കിടെയാണ് ദുരന്തം. ‘ധിഷണ’യുടെ സമാപന ദിനത്തിതൽ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യയാണ് നടക്കാനിരുന്നത്. കാമ്പസിലെ ഓപൺ എയർ ഓഡിറ്റോറിയത്തിൽ സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ദുരന്തം. വൈകുന്നേരത്തോടെ വൻ ജനക്കൂട്ടമാണ് ഇവിടെ എത്തിയത്. നിരവധി കാമ്പസുകളിൽ നിന്നും വിദ്യാർഥികളടക്കം ഇവിടെ എത്തിച്ചേർന്നിരുന്നു.
പരിപാടി തുടങ്ങുന്നതിന് മുന്നോടിയായി ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർഥികൾ ഇടംപിടിച്ചിരുന്നു. 600നടുത്ത് പേർക്ക് ഇടമുള്ള ഓഡിറ്റോറിയം നിറഞ്ഞിരുന്നു. വകുപ്പുകളുടെയും സെമസ്റ്ററുകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, മറ്റു വകുപ്പുകളിൽനിന്നുള്ള വിദ്യാർഥികളുൾപ്പെടെ 2000ത്തോളം പേർ ഓഡിറ്റോറിയത്തിനു പുറത്ത് പരിപാടി ആസ്വദിക്കാൻ നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ മഴ പെയ്തതോടെ പുറത്തുനിൽക്കുന്നവർ ഒന്നാകെ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറി. ഇതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്ന വിദ്യാർഥികളിൽ പലരും തലകീഴായി താഴെ വീണു. ഇവരുടെമേൽ നിരവധിപേർ ചവിട്ടിക്കയറുകയുമായിരുന്നു. തിരക്കിൽ നിലത്തുവീണും ചവിട്ടേറ്റുമാണ് പലർക്കും പരിക്കേറ്റത്.
ജില്ല കലക്ടർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം സ്ഥലത്തെത്തി. വിദ്യാർഥികളുടെ ചെരിപ്പുകളും ഐ.ഡി കാർഡുകളും ചിതറിക്കിടക്കുന്ന കാഴ്ചയാണ് ഓഡിറ്റോറിയത്തിലുണ്ടായിരുന്നത്. ഒരു വഴി മാത്രമാണ് ഓഡിറ്റോറിയത്തിലേക്ക് ഉള്ളത്. എൻട്രി ഗേറ്റ് അല്ലാതെ എക്സിറ്റ് ഗേറ്റ് ഇല്ല. അടിയന്തിര അവസ്ഥയുണ്ടായൽ പുറത്തേക്ക് പോകാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.
കോഴിക്കോട്: കുസാറ്റിലെ ദുരന്തത്തെ തുടർന്ന് ദുഃഖ സൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി. സംഭവത്തില്‍ മന്ത്രിമാര്‍ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. വ്യവസായ മന്ത്രി പി. രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവും കളമശ്ശേരിയിലേക്ക് പുറപ്പെട്ടു. ആരോഗ്യമന്ത്രി വീണ ജോർജ് പരിക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കും.
STORY | Four students died and several others were injured in a stampede at Cochin University in Kerala. The tragedy occurred during the university's anniversary celebrations.
— Press Trust of India (@PTI_News) November 25, 2023
READ: https://t.co/jM5UEXxbmk
VIDEO: pic.twitter.com/Cmh8Tqog7c
ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി -ആരോഗ്യ മന്ത്രി
കളമശ്ശേരി കുസാറ്റ് കാമ്പസിൽ ദുരന്തത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കാൻ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് ഏറ്റവും മികച്ച വൈദ്യശുശ്രൂഷ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. നാലു വിദ്യാർത്ഥികൾ മരിച്ച സംഭവം വേദനാജനകമാണ്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപാഠികളുടെയും വേദനയിൽ പങ്കുചേരുന്നു. നവകേരള സദസ്സിൽ നിന്നും മന്ത്രി പി. രാജീവിനൊപ്പം കളമശ്ശേരിയിലേക്ക് പോവുകയാണ്. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കാൻ വൈസ് ചാൻസലർക്കും ജില്ല കലക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.