തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകൾ നടപ്പാക്കുമ്പോൾ ജോലിഭാരത്തിൽ കുറവ് വന്ന് കോളജ് അധ്യാപക തസ്തികകൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. നാലു വർഷ ബിരുദ കോഴ്സ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രിയുടെ ഉറപ്പ്. നിലവിലുള്ള അധ്യാപകരെ സംരക്ഷിച്ചുകൊണ്ടാകും നാലുവർഷ ബിരുദം നടപ്പാക്കുക. അടുത്ത നാലുവർഷം വരെ തസ്തിക നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
തസ്തിക സംരക്ഷിക്കുന്ന രീതിയിൽ അധ്യാപകരുടെ ജോലിഭാരത്തിൽ ക്രമീകരണം വരുത്തും. ഇതിനായുള്ള സർക്കാർ ഉത്തരവ് ധനവകുപ്പിന്റെ അനുമതിക്ക് ശേഷം പുറത്തിറക്കും. നിലവിൽ കോളജ് അധ്യാപക തസ്തികയുടെ ജോലി ഭാരം ആഴ്ചയിൽ 16 മണിക്കൂർ ആണ്. യു.ജി.സി റെഗുലേഷൻ പ്രകാരം ഇത് അസിസ്റ്റന്റ് പ്രഫസർ തസ്തികക്ക് 16 മണിക്കൂറും അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകൾക്ക് 14 മണിക്കൂറുമാണ്. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. അതേസമയം, മൂന്നു വർഷ കോഴ്സ് നാല് വർഷത്തിലേക്ക് മാറുന്നതുവഴി പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കില്ല. ബിരുദ കോഴ്സിന്റെ ഫീസ് ഘടനയിൽ മാറ്റം വരുത്തുന്നത് പരിഗണനയിൽ ഇല്ലെന്നും ഇതുസംബന്ധിച്ച ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
നാലുവർഷ കോഴ്സിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ഇന്റേൺഷിപ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വിദ്യാർഥികൾക്ക് ഇന്റേൺഷിപ് സൗകര്യമൊരുക്കാൻ കമ്പനികളുമായി ധാരണപത്രം ഒപ്പിടാൻ സർവകലാശാല ചട്ടപ്രകാരം അഫിലിയേറ്റഡ് കോളജുകൾക്ക് കഴിയില്ല. ഇത് ഇന്റേൺഷിപ് നിർദേശം നടപ്പാക്കുന്നതിന് തടസ്സമാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടി. ഇന്റേൺഷിപ് സംബന്ധിച്ചും പരിശീലനം നൽകുന്ന എംപാനൽ ചെയ്തുകൊണ്ടും സർക്കാർ ഉത്തരവിറക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- യു.ജി.സി റെഗുലേഷൻ പ്രകാരം സംസ്ഥാനത്തെ കോളജ് അധ്യാപകരുടെ ജോലിഭാരം പുനഃക്രമീകരിക്കണം.
- പ്രിൻസിപ്പൽമാരെ ജോലിഭാരത്തിൽനിന്ന് ഒഴിവാക്കണം.
- കോളജ് തലത്തിലുള്ള ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി) കോഓഡിനേറ്റർ, നാലുവർഷ ബിരുദ പ്രോഗ്രാം കോഓഡിനേറ്റർ ചുമതലയുള്ള അധ്യാപകരുടെയും ജോലിഭാരത്തിൽ കുറവുവരുത്തണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.