കൊണ്ടോട്ടി: കോവിഡ് കാലത്ത് നാടിനെ നടുക്കി കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ ദുരന്തത്തിന് നാല് വര്‍ഷമാകുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം പൂർണാര്‍ഥത്തില്‍ ലഭ്യമാകാതെ മരിച്ചവരുടെ ആശ്രിതരും പരിക്കേറ്റവരും.
നിയന്ത്രണം നഷ്ടമായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയില്‍നിന്ന് താഴേക്ക് പതിച്ചുണ്ടായ ദുരന്തത്തില്‍ 21 പേര് മരിക്കുകയും 169 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിമാനക്കമ്പനി നല്കിയ നഷ്ടപരിഹാരത്തില്‍ മുങ്ങിപ്പോയെന്ന പരാതി പരിഹാരമില്ലാതെ തുടരുകയാണ്.
2020 ആഗസ്റ്റ് ഏഴിനായിരുന്നു ദുരന്തം. കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായി ജീവനക്കാരുള്‍പ്പെടെ 190 പേരുമായി ദുബൈയില്‍നിന്നെത്തിയ വിമാനം ലാന്‍ഡിങ്ങിനിടെ 100 മീറ്ററോളം താഴേക്ക് പതിക്കുകയായിരുന്നു.
രണ്ടു പൈലറ്റുമാരും 19 യാത്രക്കാരുമാണ് മരിച്ചത്. കോവിഡ് ഭീഷണി വകവെക്കാതെ സ്ഥലത്തെത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളാണ് മരണസംഖ്യ കുറച്ചത്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും മാരക പരിക്കുള്ളവര്‍ക്ക് രണ്ട് ലക്ഷം രൂപയും മറ്റ് പരിക്കുകളുള്ളവര്‍ക്ക് 50,000 രൂപയുമാണ് അപകടമുണ്ടായ ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ വിഭാഗത്തിലുള്ളവര്‍ക്ക് വിമാനക്കമ്പനിതന്നെ ആദ്യ ഘട്ടത്തില്‍ സഹായധനം നല്‍കിയിരുന്നു. ആദ്യഘട്ടമായി നല്കിയ തുക കുറച്ചാണ് പിന്നീട് വിമാനക്കമ്പനി ഓരോരുത്തര്‍ക്കുമുള്ള നഷ്ടപരിഹാരത്തുക കണക്കാക്കിയത്. ഇതോടെ കേന്ദ്രം പ്രഖ്യാപിച്ച സഹായധനം ലഭിച്ചില്ല.
നട്ടെല്ലിന് പരിക്കേറ്റ് അരക്കു താഴെ തളര്‍ന്ന സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി ചികിത്സയില്‍ തുടരുകയാണ്. വിമാനക്കമ്പനി നല്കിയ നഷ്ടപരിഹാരത്തുക ഉപയോഗിച്ചും സ്വന്തം ചെലവിലുമാണ് പലരും ചികിത്സ തുടരുന്നത്.
കൊണ്ടോട്ടി: വിമാനദുരന്തശേഷം നിർത്തിയ കരിപ്പൂർ വഴിയുള്ള വലിയ വിമാന സർവിസുകള്‍ ഇനിയും പുനരാരംഭിച്ചില്ല. ടേബ്ള്‍ ടോപ് മാതൃകയിലുള്ള റൺവേയുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള പ്രവൃത്തികള്‍ നീളുന്നതാണ് തിരിച്ചടിയാകുന്നത്.
2015ല്‍ റണ്‍വേ റീകാർപറ്റിങ്ങിന്റെ ഭാഗമായി റദ്ദാക്കിയ വലിയ വിമാന സർവീസ് പുനരാരംഭിക്കാനിരിക്കെയായിരുന്നു 2020 ആഗസ്റ്റ് ഏഴിന് ദുരന്തമുണ്ടായത്. ഇതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി റദ്ദാക്കി. പൈലറ്റിനു സംഭവിച്ച വീഴ്ചയാണ് ദുരന്തകാരണമായി കണ്ടെത്തിയിരുന്നത്. റണ്‍വേ സംബന്ധിച്ചുള്ള പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍, പിന്നീട് രൂപവത്കരിച്ച വിദഗ്ധ സമിതി റണ്‍വേയില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു.
റൺവേയുടെ ഇരു ഭാഗങ്ങളിലുമുള്ള സുരക്ഷാമേഖല (റെസ) 90 മീറ്ററില്‍നിന്ന് 240 മീറ്ററായി ഉയര്‍ത്താനായിരുന്നു നിർദേശം. ഇതിനായി 12.506 ഏക്കര്‍ ഭൂമി പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളില്‍നിന്നായി ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ 19ന് വിമാനത്താവള അതോറിറ്റിക്ക് കൈമാറിയിരുന്നു. ഭൂമി ലഭ്യമാക്കി ഒരു വര്‍ഷം തികയാനിരിക്കെ സ്ഥലത്തെ കെട്ടിടങ്ങളും മരങ്ങളും നീക്കി നിരപ്പാക്കുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.