കരിപ്പൂർ വിമാനദുരന്തത്തിന് ഇന്നേക്ക് നാലാണ്ട്; എവിടെ കേന്ദ്ര ധനസഹായം..?

കൊണ്ടോട്ടി: കോവിഡ് മഹാമാരിക്കാലത്ത് നാടിനെ നടുക്കി കരിപ്പൂരിലെ അന്താരാഷ്ട വിമാനത്താവളത്തിലുണ്ടായ വിമാനദുരന്തത്തിന് നാലു വര്‍ഷങ്ങളുടെ പഴക്കമാകുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം പൂർണാര്‍ഥത്തില്‍ ലഭ്യമാകാതെ മരിച്ചവരുടെ ആശ്രിതരും പരിക്കേറ്റവരും. നിയന്ത്രണം നഷ്ടമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയില്‍നിന്ന് താഴേക്കു പതിച്ചുണ്ടായ ദുരന്തത്തില്‍ 21 പേര്‍ മരിക്കുകയും 169 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിമാനക്കമ്പനി നല്‍കിയ നഷ്ടപരിഹാരത്തില്‍ മുങ്ങിപ്പോയെന്ന പരാതി പരിഹാരമില്ലാതെ തുടരുകയാണ്.

2020 ആഗസ്റ്റ് ഏഴിനായിരുന്നു നാടിനെ നടുക്കിയ ആ ദുരന്തം. കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായി ജീവനക്കാരുള്‍പ്പെടെ 190 പേരുമായി ദുബൈയില്‍നിന്നെത്തിയ വിമാനം ലാന്‍ഡിങ്ങിനിടെ 100 മീറ്ററോളം താഴേക്കു പതിക്കുകയായിരുന്നു. രണ്ടു പൈലറ്റുമാരും 19 യാത്രക്കാരുമാണ് അപകടത്തില്‍ മരിച്ചത്. കോവിഡ് ഭീഷണി വകവെക്കാതെ സ്ഥലത്തെത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളാണ് മരണസംഖ്യ കുറച്ചത്.

മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും മാരക പരിക്കുള്ളവര്‍ക്ക് രണ്ടു ലക്ഷം രൂപയും മറ്റു പരിക്കുകളുള്ളവര്‍ക്ക് 50,000 രൂപയുമാണ് അപകടമുണ്ടായയുടന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ വിഭാഗത്തിലുള്ളവര്‍ക്ക് വിമാനക്കമ്പനിതന്നെ ആദ്യ ഘട്ടത്തില്‍ സഹായധനം നല്‍കിയിരുന്നു. ആദ്യഘട്ടമായി നല്‍കിയ തുക കുറച്ചാണ് പിന്നീട് വിമാനക്കമ്പനി ഓരോരുത്തര്‍ക്കുമുള്ള നഷ്ടപരിഹാരത്തുക കണക്കാക്കിയത്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ഇരകള്‍ക്ക് ലഭിച്ചില്ല.

നട്ടെല്ലിന് പരിക്കേറ്റ് അരക്കു താഴെ തളര്‍ന്ന സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി ചികിത്സയില്‍ തുടരുകയാണ്. പരിക്കേറ്റ ഭൂരിഭാഗം പേര്‍ക്കും ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാനായിട്ടില്ല. വിമാനക്കമ്പനി നല്‍കിയ നഷ്ടപരിഹാരത്തുക ഉപയോഗിച്ചും സ്വന്തം ചെലവിലുമാണ് പലരും ചികിത്സ തുടരുന്നത്.

പുനരാരംഭിക്കാതെ വലിയ വിമാന സർവിസുകള്‍

കൊണ്ടോട്ടി: വിമാനദുരന്തത്തിനുശേഷം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വലിയ വിമാനങ്ങളുടെ സർവിസുകള്‍ ഇനിയും പുനരാരംഭിച്ചില്ല. ടേബ്ള്‍ ടോപ് മാതൃകയിലുള്ള റൺവേയുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള പ്രവൃത്തികള്‍ നീണ്ടുപോകുന്നതാണ് വലിയ വിമാന സർവിസുകള്‍ക്ക് തിരിച്ചടിയാകുന്നത്. 2015ല്‍ റണ്‍വേ റീകാർപറ്റിങ്ങിന്റെ ഭാഗമായി റദ്ദാക്കിയ വലിയ വിമാനം പുനരാരംഭിക്കാനിരിക്കെയായിരുന്നു 2020 ആഗസ്റ്റ് ഏഴിന് ദുരന്തമുണ്ടായത്. ഇതോടെ അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കി. പൈലറ്റിനു സംഭവിച്ച വീഴ്ചയാണ് ദുരന്തകാരണം അന്വേഷിച്ചതിൽനിന്ന് കണ്ടെത്തിയിരുന്നത്. റണ്‍വേ സംബന്ധിച്ചുള്ള പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല.

എന്നാല്‍, പിന്നീട് രൂപവത്കരിച്ച വിദഗ്ധ സമിതി റണ്‍വേയില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു. റൺവേയുടെ ഇരു ഭാഗങ്ങളിലുമുള്ള സുരക്ഷാമേഖല (റെസ) 90 മീറ്ററില്‍നിന്ന് 240 മീറ്ററായി ഉയര്‍ത്താനായിരുന്നു വിദഗ്ധ സമിതിയുടെ നിർദേശം. ഇതിനായി 12.506 ഏക്കര്‍ ഭൂമി പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളില്‍നിന്നായി ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ 19ന് വിമാനത്താവള അതോറിറ്റിക്ക് കൈമാറിയിരുന്നു. ഭൂമി ലഭ്യമാക്കി ഒരു വര്‍ഷം തികയാനിരിക്കെ സ്ഥലത്തെ കെട്ടിടങ്ങളും മരങ്ങളും നീക്കി നിരപ്പാക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. റെസ വിപുലീകരണം പൂർത്തിയാകുംവരെ വലിയ വിമാന സർവിസ് പുനരാരംഭിക്കാനാകാത്ത സ്ഥിതിയാണിപ്പോൾ. 

Tags:    
News Summary - Four years to the day of the Karipur plane crash; Where is the central funding..?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.