തിരുവനന്തപുരം: രാജ്യത്തെ സർവകലാശാലകൾ ജാതിവിവേചനം നടത്തുന്ന വരേണ്യ കേന്ദ്രങ്ങളാണെന്നും ദലിത്, ആദിവാസി വിഭാഗങ്ങളോടും മുസ്ലിം ന്യൂനപക്ഷങ്ങളോടും പുറംതള്ളൽ സമീപനമാണ് സ്വീകരിക്കുന്നതെന്നും 'മാധ്യമം' ദിനപത്രത്തിൽ ലേഖനം എഴുതിയതിന് ചരിത്ര വിഭാഗം അധ്യാപകനും ചരിത്രകാരനും ദലിത്-കീഴാള പഠന വിദഗ്ധനുമായ ഡോ. കെ.എസ്. മാധവനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ്. സംവരണ വിരുദ്ധതയെ ചോദ്യം ചെയ്യുന്നവരെ നിശബ്ദമാക്കി കാലിക്കറ്റ് സർവകലാശാലയെ സവർണ അഗ്രഹാരമാക്കാനുള്ള ഇടത് സിൻഡിക്കേറ്റ് തീരുമാനത്തെ ചെറുത്ത് തോൽപിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറ് വ്യക്തമാക്കി.
സാമൂഹിക നീതിക്കും സംവരണ അട്ടിമറിക്കുമെതിരെ ശബ്ദിക്കുന്ന ഡോ. കെ.എസ്. മാധവന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ഐക്യദാർഢ്യം അറിയിച്ചു. സർവകലാശാലയുടെ സൽപേരിന് കളങ്കം വരുത്തിയെന്ന കുറ്റം ചുമത്തിയാണ് ഡോ. കെ.എസ് മാധവനോട് ഒരാഴ്ചക്കകം വിശദീകരണം നൽകാൻ സർവകലാശാല അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. വിവരാവകാശ രേഖയിൽ പോലും സംവരണവുമായി ബന്ധപ്പെട്ട പലരേഖകളും കൈമാറാൻ യൂനിവേഴ്‌സിറ്റി തയാറായിരുന്നില്ല.
കാലിക്കറ്റിലെ അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറിക്കെതിരെ ഫ്രറ്റേണിറ്റി ഫയൽ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. ഇത്തരം നിയമ പോരാട്ടങ്ങളെ കൂടുതൽ ശക്തിയോടെ മുന്നോട്ട് കൊണ്ട് പോകുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റിൽ സംസ്ഥാന പ്രസിഡൻറ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു. അർച്ചന പ്രജിത്ത്, എസ്. മുജീബുറഹ്മാൻ, കെ.കെ. അഷ്റഫ്, മഹേഷ് തോന്നക്കൽ, സാന്ദ്ര എം.ജെ., കെ.എം. ഷെഫ്രിൻ, സനൽ കുമാർ, ലത്തീഫ് പി.എച്ച്., അമീൻ റിയാസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.