പൊന്നാനി: കോടികൾ വിലവരുന്ന സ്വർണക്കട്ടിയെന്ന വ്യാജേന സ്വർണനിറമുള്ള ഗോളകം നൽകി തട്ടിപ്പ് നടത്തിയ കേസിൽ മൂന്നുപേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കൂനംവീട്ടിൽ ഹമീദ് എന്ന ജിം ഹമീദ് (51), ഗൂഡല്ലൂർ സ്വദേശികളായ കൈപ്പഞ്ചേരി സൈതലവി (40), കുഴിക്കലപറമ്പ് അപ്പു എന്ന അഷ്റഫ് (55) എന്നിവരാണ് അറസ്റ്റിലായത്.
കായംകുളം പള്ളിയിലെ ഇമാമായ ചാലിശ്ശേരി സ്വദേശി നൽകിയ പരാതിയിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്. മുസ്ലിയാർമാരുടെയും പണിക്കന്മാരുടെയും ഫോൺ നമ്പറുകൾ ശേഖരിച്ച് അവരെ വിളിച്ച് വിശ്വാസ്യത നേടിയാണ് സംഘം തട്ടിപ്പിന് കളമൊരുക്കുന്നത്. തങ്ങളുടെ വീട്ടുപറമ്പിൽനിന്ന് സ്വർണക്കട്ടി ലഭിച്ചിട്ടുണ്ടെന്നും രണ്ടുകോടിയോളം രൂപ വിലവരുന്ന സാധനം നിങ്ങൾ മുഖേന വിൽക്കാൻ താൽപര്യമുണ്ടെന്നും മുസ്ലിയാർമാരെയും പണിക്കന്മാരെയും അറിയിക്കും.
(അറസ്റ്റിലായ പ്രതികൾ)
തുടർന്ന് അഡ്വാൻസ് തുകയുമായി എത്തണമെന്നും സ്വർണം കൈമാറാമെന്നും പറഞ്ഞ് ഇടപാട് ഉറപ്പിക്കും. സംഘം പറഞ്ഞ സ്ഥലത്ത് എത്തിയാൽ പൊതിഞ്ഞ നിലയിലുള്ള ഗോളകത്തിന്റെ ഒരുഭാഗത്ത് ദ്വാരമുണ്ടാക്കി അതിൽനിന്ന് സ്വർണം അടർന്നുവീഴുന്നതായി കാണിക്കും. കൈയിൽ കരുതിയ ഒറിജിനൽ സ്വർണ തരിയാണ് ഈ സമയം സംഘം താഴേക്ക് ഇടുക. തരി പരിശോധിച്ച് സ്വർണമെന്ന് ബോധ്യപ്പെടുന്ന പാർട്ടിക്ക് വ്യാജ സ്വർണ ഗോളകം കൈമാറും. പിന്നീട് തുറന്നുനോക്കുമ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെടുക. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിരവധി പേരിൽനിന്ന് പണം തട്ടിയതായി പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ പറഞ്ഞു.
കായംകുളം പള്ളിയിലെ ഇമാമിനെ പൊന്നാനിയിലേക്ക് വിളിച്ചുവരുത്തി ഏഴുലക്ഷം രൂപ സമാനമായ രീതിയിൽ തട്ടിയെടുത്തിരുന്നു. ഇതേ തുടർന്ന് ഇയാൾ പൊന്നാനി പൊലീസിൽ പരാതി നൽകി. പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. ഇതേസമയം, കൊടുങ്ങല്ലൂരിലുള്ള മുസ്ലിയാരെ തട്ടിപ്പിന് വിധേയനാക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചു. കൊടുങ്ങല്ലൂരിലെ മുസ്ലിയാർക്ക് നിലമ്പൂരിൽവെച്ച് സ്വർണക്കട്ടി കൈമാറാമെന്ന് തട്ടിപ്പ് സംഘം അറിയിച്ചതിനെ തുടർന്ന് നിലമ്പൂരിൽ മഫ്ടിയിലെത്തിയ അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ പൊന്നാനി കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.