വീട് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കെതിരെ ആരോപണം

ആലപ്പുഴ: ഇന്ദിരാഗാന്ധിയുടെ പേരിലെ ജീവകാരുണ്യ സംഘടന കോൺഗ്രസ് പ്രവർത്തകന് സ്ഥലവും വീടും നൽകാമെന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പാർട്ടി അന്വേഷണം. സംഘത്തെയും തട്ടിപ്പുകാരെയും സംബന്ധിച്ച് ഡി.സി.സി നിയോഗിച്ച അന്വേഷണ കമീഷൻ അടുത്തദിവസം റിപ്പോർട്ട് നൽകും. തട്ടിപ്പ് സ്ഥിരീകരിക്കുന്ന തെളിവുകൾ കമീഷന് ലഭിച്ചതായാണ് സൂചന. ആര്യാട് പഞ്ചായത്ത് അഞ്ചാം വാർഡ് പുതുപ്പറമ്പ്‌ വെളിയിൽ വീട്ടിൽ കുഞ്ഞു മുഹമ്മദിന്റെ (കുഞ്ഞുമോൻ-48) നിർധന കുടുംബത്തിന് നാല് സെന്റ് സ്ഥലം വാങ്ങി നൽകുമെന്നായിരുന്നു പ്രിയദർശിനി സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ വാഗ്ദാനം.

സ്ഥലത്തിന്റെ പ്രമാണം കൈമാറാൻ 2021 ഒക്ടോബർ 31ന് നടന്ന ചടങ്ങിൽ കെ.പി.സി.സി ഭാരവാഹികൾ ഉൾപ്പെടെ ‌‌പങ്കെടുത്തെങ്കിലും കുഞ്ഞുമോനെ ഏൽപിച്ച ആധാരം അപ്പോൾ തന്നെ സൊസൈറ്റി ഭാരവാഹികൾ തിരികെ വാങ്ങി. പിന്നീട് വീട് നിർമിക്കാനെന്ന പേരിലും വ്യാപക പിരിവ് നടക്കുന്നതായാണ് ആരോപണം.

തന്റെ പേരിൽ തട്ടിപ്പ് നടത്തുന്നെന്ന പരാതിയുമായി കുഞ്ഞുമോൻ തന്നെയാണ് രംഗത്ത് വന്നത്. വിവരം അറിഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടതനുസരിച്ച് ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് മൂന്നംഗ കമീഷനെ നിയോഗിക്കുകയായിരുന്നു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജി. സഞ്ജീവ് ഭട്ട്, സി.ഡി. ശങ്കർ, ട്രഷറർ ടി. സുബ്രഹ്മണ്യദാസ് എന്നിവരടങ്ങുന്ന കമീഷൻ ആര്യാട് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരിൽനിന്നും സൊസൈറ്റി ഭാരവാഹികളിൽനിന്നും തെളിവെടുത്തു. 

Tags:    
News Summary - Fraud by offering a house; Accusations against Congress local leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.