കട്ടപ്പന: വിദേശജോലിയുടെയും ഏലക്ക വ്യാപാരത്തിന്റെയും പേരിൽ കോടികൾ തട്ടിയെടുത്ത് മുങ്ങിയ പ്രതി പിടിയിൽ. തിരുവനന്തപുരം കിളിമാനൂർ ജിഞ്ചയ നിവാസിൽ ജിനീഷാണ് (38) അറസ്റ്റിലായത്. വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങാൻ തിരുവനന്തപുരത്തുപോയ കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കട്ടപ്പന സ്വദേശിയായ ഏലക്ക വ്യാപാരിയിൽനിന്ന് 75 ലക്ഷം രൂപയുടെയും കുമളി സ്വദേശിയായ വ്യാപാരിയിൽനിന്ന് 50 ലക്ഷം രൂപയുടെയും ഏലക്ക തട്ടിയെടുത്തശേഷം മുങ്ങിനടക്കുകയായിരുന്നു പ്രതി. ഏലക്കയുടെയും കുങ്കുമപ്പൂവിന്റെയും കയറ്റുമതിക്കാരനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ആദ്യം ചെറിയ തുക മുൻകൂറായി നൽകി. ഏലക്ക നൽകിക്കഴിഞ്ഞ് പണം ലഭിക്കാതെ വന്നതോടെ വ്യാപാരികളോട് പണം കൈമാറുന്നതിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞ് വ്യാജ ബാങ്ക് ഗാരന്റി നൽകുകയായിരുന്നു.
ഖത്തറിൽ ജോലി ചെയ്യുന്നതിനിടെ മലയാളിയിൽനിന്ന് നാലരക്കോടി രൂപ തട്ടിയ കേസിലും ജിനീഷ് പ്രതിയാണ്. കോട്ടയം ഗാന്ധിനഗർ സ്വദേശിയിൽനിന്ന് ഒരു കോടിയും മറ്റൊരാളിൽനിന്ന് മൂന്നരക്കോടിയും തട്ടിയെടുത്തതായും പരാതിയുണ്ട്. വെസ്റ്റ് ബംഗാൾ സ്വദേശിയിൽനിന്ന് അഞ്ചു ലക്ഷംതട്ടി.പൊലീസ് സംഘത്തിൽ എ.എസ്.ഐ വിജയകുമാർ, എസ്.സി.പി.ഒമാരായ പി.ജെ. സിനോജ്, ടോണി ജോൺ, ഗ്രേസൺ ആന്റണി, സി.പി.ഒമാരായ പി.എസ്. സുബിൻ, അനീഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.