ആനക്കര (പാലക്കാട്): സ്വാതന്ത്ര്യസമര രംഗത്തെ മുന്നണി പോരാളിയായിരുന്ന ആനക്കര വടക്കത്ത് ജി. സുശീലാമ്മ (100) നിര്യാതയായി. ബുധനാഴ്ച വൈകീട്ട് 6.30ഓടെ തറവാട്ടിലായിരുന്നു അന്ത്യം. ക്വിറ്റിന്ത്യ സമരം കത്തിജ്വലിച്ച് നിന്ന കാലത്ത് സ്വാതന്ത്ര്യസമര രംഗത്തേക്കിറങ്ങിയ സുശീലാമ്മ ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്.
എ.വി. ഗോപാലമേനോെൻറയും പി. കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളായി 1921 മേയ് 11നായിരുന്നു ജനനം. മദ്രാസിലെ വിമന്‍സ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബി.എയും ലേഡി വെല്ലിങ്ടണ്‍ ട്രെയിനിങ് കോളജില്‍നിന്ന് ബി.എഡും പൂര്‍ത്തിയാക്കി. ചെറിയമ്മയും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും പാര്‍ലമെൻറ് അംഗവുമായിരുന്ന ആനക്കര വടക്കത്ത് അമ്മു സ്വാമിനാഥന്‍ മദ്രാസിലായിരുന്നതിനാല്‍ അവരുടെ കൂടെ താമസിച്ചായിരുന്നു പഠനം.
അമ്മു സ്വാമിനാഥെൻറ വീട്ടില്‍ നിത്യസന്ദര്‍ശകരായ കോണ്‍ഗ്രസ് നേതാക്കള്‍ വഴിയാണ് സ്വാതന്ത്ര്യസമരത്തിലേക്ക് ആകർഷിക്കപ്പെട്ടത്. അമ്മു സ്വാമിനാഥനെ കൂടാതെ ആനക്കര വടക്കത്ത് കുട്ടിമാളു അമ്മ, കമലദേവി ചതോപാധ്യായ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായുള്ള സഹവാസവും ഇതിന് കാരണമായി.
കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 1943ല്‍ നടന്ന സെക്രേട്ടറിയറ്റ് പിക്കറ്റിങ്ങിനെത്തുടർന്ന് സുശീലാമ്മ ഉള്‍പ്പെടെ നാല് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. മൂന്നുമാസം ജയിലിലായി. സുശീലാമ്മയടക്കം നാല് പെണ്‍കുട്ടികളായിരുന്നു അന്ന് ജയിലിൽ കഴിഞ്ഞത്. അക്കാലത്തും ബ്രിട്ടീഷുകാരുടെ ഭീഷണികള്‍ക്ക് മുന്നില്‍ തലകുനിച്ചില്ല. ജയില്‍ മോചിതയായ ശേഷം ഗാന്ധിയന്‍ ആശയങ്ങളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് ഗ്രാമങ്ങളിൽ തിരികെയെത്തി.
ഗ്രാമസ്വരാജിെൻറ പൂര്‍ത്തീകരണത്തിനായി കേരളത്തിലെത്തിയ സുശീലാമ്മ സ്ത്രീകളെ സംഘടിപ്പിച്ച് മഹിള സമാജങ്ങള്‍ രൂപവത്കരിച്ചു. പെണ്‍കുട്ടികളെയും സ്ത്രീകളെയും നെയ്ത്ത് പഠിപ്പിച്ചു. മക്കള്‍: ഇന്ദുധരന്‍ (ഫ്രാന്‍സ്), നന്ദിത (ചെന്നൈ). മരുമക്കള്‍: ബ്രിജിത്ത്, അരുണ്‍. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.