തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള ഒാൺലൈൻ/ ഡിജിറ്റൽ ക്ലാസുകൾ ജനുവരി 31നകം പൂർത്തിയാക്കും. ജനുവരി ഒന്നുമുതൽ കുട്ടികൾക്ക് രക്ഷാകർത്താക്കളുടെ അനുമതിയോടെ ഷിഫ്റ്റായി സ്കൂളുകളിൽ എത്തിച്ചേരാം. ഇതിനാവശ്യമായ ക്രമീകരണം ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽ സ്കൂൾ സാഹചര്യത്തിനനുസരിച്ച് തയാറാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
ജനുവരി ഒന്നുമുതൽ മാർച്ച് 16 വരെ വിദ്യാർഥികൾക്ക് സ്കൂളുകളിൽ ക്ലാസ്റൂം പഠനത്തിന്/ സംശയനിവാരണത്തിന് അവസരമൊരുക്കണം. ഏതെല്ലാം പാഠഭാഗങ്ങളിലാണ് ഉൗന്നൽ നൽകേണ്ടതെന്ന് ഡിസംബർ 31നകം സ്കൂളുകളെ അറിയിക്കും. വിദ്യാഭ്യാസ വകുപ്പിെൻറ വെബ്സൈറ്റിലും ഇത് പ്രസിദ്ധീകരിക്കും. ഇൗ പാഠഭാഗങ്ങൾ അധ്യാപകർ പൂർണമായും റിവിഷൻ നടത്തണം.
കുട്ടികൾക്ക് തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ചോദ്യങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ വായിച്ച് മനസ്സിലാക്കാൻ കൂൾ ഒാഫ് ടൈം (സമാശ്വാസ സമയം) വർധിപ്പിക്കും. ചോദ്യമാതൃകകൾ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കും.
സ്കൂൾ പ്രവർത്തനങ്ങളും പരീക്ഷയും സംബന്ധിച്ച് രക്ഷാകർത്താക്കൾക്ക് ധാരണയുണ്ടാക്കാൻ ക്ലാസടിസ്ഥാനത്തിൽ സ്കൂളുകൾ യോഗം വിളിക്കണം. യോഗത്തിൽ വിദ്യാഭ്യാസമന്ത്രി നൽകുന്ന സന്ദേശം രക്ഷാകർത്താക്കൾക്ക് കേൾക്കാൻ അവസരമൊരുക്കണം. പ്രത്യേക പിന്തുണ ആവശ്യമുള്ള ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക മാർഗനിർദേശം പിന്നീട് നൽകും.
വിഷയാടിസ്ഥാനത്തിൽ അനുയോജ്യവും ലളിതവുമായ പഠനപ്രവർത്തനങ്ങൾ നൽകിയാണ് വിദ്യാർഥികളുടെ നിരന്തരമൂല്യനിർണയം നടത്തേണ്ടത്. വിഡിയോ ക്ലാസുകളുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങളിലെ പങ്കാളിത്തം, ക്ലാസുമായി ബന്ധപ്പെട്ട നോട്ടുകൾ, ഉൽപന്നങ്ങൾ തുടങ്ങിയവ മൂല്യനിർണയത്തിനുള്ള സൂചകമാക്കി സ്കോർ നൽകുന്നതിന് പരിഗണിക്കാം.
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പ്രായോഗിക പരീക്ഷ എഴുത്തുപരീക്ഷക്ക് ശേഷമാണ് നടത്തേണ്ടത്. എഴുത്തുപരീക്ഷക്കുശേഷം പ്രായോഗിക പരീക്ഷക്കുള്ള തയാറെടുപ്പിനായി ഒരാഴ്ച സമയം നൽകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.