കോഴിക്കോട്: മീനച്ചൂട് കുംഭത്തിൽതന്നെ തുടങ്ങിയതോടെ പഴവിപണിയും സജീവമായി. ജലാംശം കൂടുതലുള്ള പഴവർഗങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. മധുര നാരങ്ങ, തണ്ണിമത്തൻ, പപ്പായ തുടങ്ങിയവക്ക് വിലയും കുതിച്ചുയർന്നു. മധുര നാരങ്ങയുടെ സീസൺ അവസാനിക്കാറായതിനാൽ വില വളരെ കൂടുതലും ആവശ്യക്കാർ ഏറെയുമാണ്.
കിലോക്ക് 65-70 രൂപ നിരക്കിലാണ് വിൽപന. 50 രൂപയാണ് മൊത്ത വിലയെന്ന് പാളയത്തെ ടി.എൻ ഫ്രൂട്സ് വ്യാപാരി സൂരജ് പറഞ്ഞു.
പഞ്ചാബ്-രാജസ്ഥാനിൽ നിന്ന് വരുന്ന ചിനു ഓറഞ്ച് കിലോക്ക് 45 രൂപക്കും മൊത്ത വിൽപന കേന്ദ്രങ്ങളിൽ ലഭ്യമാണ്. കിലോക്ക് 24 രൂപ ചില്ലറ വിലയുണ്ടായിരുന്ന പപ്പായക്ക് ഇപ്പോൾ 35 രൂപയാണ്. വെള്ള മുന്തിരി കിലോക്ക് 70 മുതൽ 100 രൂപ വരെ വിവിധ കടകളിൽ ഇൗടാക്കുന്നുണ്ട്. കറുത്ത മധുര മുന്തിരിക്ക് 100 രൂപ മുതലാണ് വില.
തണ്ണിമത്തനും മികച്ച വിൽപനയാണ്. കറാച്ചി വത്തക്ക എന്ന പേരിൽ മൈസൂരിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന തണ്ണിമത്തനായിരുന്നു വിപണിയിൽ സുലഭമായിരുന്നത്. 18-20 രൂപ നിരക്കിലാണ് വിറ്റിരുന്നത്. ഡിണ്ടിവനം തണ്ണിമത്തൻ എത്തിയതോടെ ആളുകൾ അത് കൂടുതലായി ആവശ്യപ്പെടാൻ തുടങ്ങി. 20-25 രൂപയാണ് തണ്ണിമത്തന് വിവിധ കടകളിൽ ഇൗടാക്കുന്നത്.
മഹാരാഷ്ട്രയിൽനിന്ന് വരുന്ന തായ് പേരക്കക്ക് ആവശ്യക്കാരേറെയുണ്ട്. 120 - 140 രൂപയാണ് വില. ഉള്ളിൽ വെള്ള നിറമുള്ള ഈ പേരക്ക പ്രമേഹ രോഗികൾക്കും കഴിക്കാമെന്നതിനാലാണ് ഡിമാൻറ് കൂടുതൽ. തമിഴ്നാട്ടിൽനിന്ന് ഇതേ രൂപത്തിലുള്ള പേരക്ക വരുന്നുണ്ടെന്നും ഉള്ളിൽ ചുവപ്പ് നിറത്തിലുള്ള ഇൗ പേരക്ക കിലോക്ക് 100 രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.