കൊച്ചി: എസ്തോണിയയിലെ കമ്പനിക്ക് ഇന്ധന വില നൽകാത്തതിനാൽ ഇന്ത്യൻ നാവികസേനക്ക് ആയുധവുമായി എത്തിയ റഷ്യൻ കപ്പൽ ഹൈകോടതി ഉത്തരവിനെ തുടർന്ന് അറസ്റ്റ് ചെയ്തു. ഇന്ധന ബങ്കർ വാങ്ങിയ വകയിൽ നൽകാനുള്ള 23,503.14 യു.എസ് ഡോളർ ആവശ്യപ്പെട്ട് യൂറോപ്യൻ രാജ്യമായ എസ്തോണിയയിലെ കമ്പനി നൽകിയ ഹരജിയിലാണ് റഷ്യൻ കപ്പലായ 'എം.വി മയ' കൊച്ചി തുറമുഖത്ത് കൊച്ചി പോർട്ട് ട്രസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തത്.
18.68 ലക്ഷം രൂപക്ക് തുല്യമായ തുക നൽകാനുള്ള കപ്പൽ കൊച്ചി തുറമുഖത്ത് അടുക്കുന്ന വിവരം അറിഞ്ഞാണ് ഇന്ധന കമ്പനി ഹൈകോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തത്. അന്താരാഷ്ട്ര സമുദ്ര നിയമം അനുസരിച്ച് കപ്പൽ തീരമണഞ്ഞിട്ടുള്ള തുറമുഖത്തെ അധികാരപരിധിയിലുള്ള കോടതിയിൽ കേസ് ഫയൽ ചെയ്യാനാവും.
റഷ്യൻ -യുക്രെയ്ൻ യുദ്ധം നടക്കുന്നത് കൊണ്ടാണ് ഇന്ധന വില അടക്കാൻ സാധിക്കാതിരുന്നതെന്നാണ് കപ്പൽ ഉടമകൾ അറിയിച്ചത്. തുടർന്നാണ് കപ്പൽ അറസ്റ്റ് ചെയ്യാൻ ജസ്റ്റിസ് സതീഷ് നൈനാൻ ഉത്തരവിട്ടത്. കപ്പൽ വിട്ടയക്കണമെങ്കിൽ ഇന്ധന വില അടക്കുകയോ തുല്യമായ തുക കോടതിയിൽ കെട്ടിവെക്കുകയോ വേണം. കപ്പലിലെ ആയുധങ്ങൾ ഇറക്കുന്നതിന് തടസ്സമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.