ഒറ്റപ്പാലം: നവകേരള സദസ്സിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ വാക്ക് തർക്കം. നവകേരള സദസ്സ് സംഘടിപ്പിക്കാനും പ്രചാരണത്തിനുമായി ലക്ഷം രൂപയും പരിപാടിയുടെ ഭാഗമായി ചിനക്കത്തൂർ കാവ് മൈതാനിയിൽ ഒരുക്കിയ ഇ ടോയ്ലെറ്റ് സംവിധാനത്തിന് 89,000 രൂപയും വെള്ളത്തിന്റെ ചാർജായി 7,000 രൂപയും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേകം അജണ്ടകളാണ് യോഗത്തിൽ അവതരിപ്പിച്ചത്.
തനത് ഫണ്ടിൽനിന്ന് ലക്ഷം രൂപ ചെലവഴിക്കാൻ നഗരസഭ ഭരണസമിതി, നഗരസഭ സെക്രട്ടറി എന്നിവർക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിന്റെ പിൻബലത്തിലാണ് അജണ്ട അവതരിപ്പിച്ചത്. അതേസമയം രണ്ടായിരത്തിലേറെ പേർ എത്തിച്ചേർന്ന ചിനക്കത്തൂർ കാവ് മൈതാനിയിൽ ഇ ടോയ്ലെറ്റ് സൗകര്യം ഒരുക്കേണ്ടത് പ്രദേശത്തിന്റെ ശുദ്ധി കാത്തുസൂക്ഷിക്കാൻ ആവശ്യമായിരുന്നു എന്ന നിലപാടിലാണ് തുക അനുവദിക്കാൻ അജണ്ട വെച്ചത്. നവകേരള സദസ്സിനെ അനുകൂലിച്ചും പ്രതികൂലിച്ചും തുടങ്ങിയ തർക്കങ്ങൾക്കൊടുവിൽ തുക അനുവദിക്കാൻ പറ്റില്ലെന്ന നിലപാടിലേക്ക് പ്രതിപക്ഷം മാറി.
തുക അനുവദിക്കണമെന്ന് ഭരണപക്ഷം വാദിച്ചതോടെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ വിയോജിപ്പ് അറിയിക്കുകയും തുടർന്ന് അജണ്ട മാറ്റിവെച്ചതായി നഗരസഭ ചെയർപേഴ്സൻ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, അജണ്ട മാറ്റിവെക്കുന്നതിനെ എതിർത്ത പ്രതിപക്ഷം അജണ്ട വോട്ടിനിടണമെന്നമെന്ന ആവശ്യം മുന്നോട്ടുവെച്ചു. മാറ്റിവെച്ച അജണ്ടയിൽ വോട്ടെടുപ്പ് അസാധ്യമാണെന്ന വാദത്തിൽ ഭരണപക്ഷം നിലപാടെടുത്തതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കുത്തിയിരുപ്പ് ആരംഭിച്ചു. മാറ്റിവെച്ച അജണ്ട വീണ്ടും കൗൺസിലിൽ എത്താൻ സാധ്യതയുണ്ടെന്നിരിക്കെ അജണ്ട തള്ളിക്കളയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിന് വോട്ടെടുപ്പ് തന്നെ വേണമെന്നും ഇക്കൂട്ടർ വാശിപിടിച്ചു.
നീണ്ട വാഗ്വാദങ്ങൾക്കൊടുവിൽ പ്രതിപക്ഷ നിരയിലെ 19 പേരുടെ അംഗ സംഖ്യ തിട്ടപ്പെടുത്തി ഭൂരിപക്ഷമില്ലാത്തത്തിനാൽ അജണ്ട പാസാക്കുന്നില്ലെന്ന് അധ്യക്ഷ അറിയിച്ചതോടെയാണ് പ്രതിപക്ഷാംഗങ്ങൾ ഇരിപ്പിടങ്ങളിലേക്ക് മടങ്ങിയത്. 15 സി.പി.എം കൗൺസിലർമാരുടെ പ്രാതിനിധ്യമാണ് യോഗത്തിലുണ്ടായിരുന്നത്. നഗരസഭ ചെയർപേഴ്സൻ കെ. ജാനകി ദേവി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.