കൊച്ചി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികൾക്ക് ജന്മനാടിന്‍റെ വികാരനിർഭരമായ യാത്രയയപ്പ്. ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി അവർ മടങ്ങുമ്പോൾ വിങ്ങിപ്പൊട്ടുന്ന ബന്ധുക്കളുടെ ദൃശ്യം കരളലിയിക്കുന്നതായി. രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച 23 മലയാളികളുടെ മൃതദേഹങ്ങൾ പൊലീസ് അകമ്പടിയോടെയാണ് വീടുകളിലെത്തിച്ചത്. ഏഴു പേരുടെ മൃതദേഹമാണ് ഇതുവരെ സംസ്കരിച്ചത്. അഞ്ചു പേരുടെ സംസ്കാരം കൂടി ഇന്ന് നടക്കും. ശേഷിക്കുന്ന 11 പേരുടെ സംസ്കാരം അടുത്ത ദിവസങ്ങളിൽ നടക്കും.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുൺ ബാബു, തിരുവനന്തപുരം സ്വദേശിയായ ശ്രീജേഷ് തങ്കപ്പൻ നായർ, കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ, കൊല്ലം സ്വദേശി സുരേഷ് എസ്. പിള്ള, പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ, തൃശ്ശൂർ ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസ്, മലപ്പുറം പുലാമന്തോൾ സ്വദേശി മരക്കാടത്തു പറമ്പിൽ ബാഹുലേയൻ, തിരൂർ സ്വദേശി നൂഹ്, പയ്യന്നൂർ സ്വദേശി നിതിൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, കാസർകോട് ചെർക്കള സ്വദേശി കെ. രഞ്ജിത്, കാസർകോഡ് സ്വദേശി കേളു പൊന്മലേരി എന്നിവരുടെ സംസ്കാരച്ചടങ്ങുകളാണ് വെള്ളിയാഴ്ച നടക്കുന്നത്.
പുനലൂർ സ്വദേശി സാജൻ ജോർജിന്‍റെ മൃതദേഹം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് നരിക്കൽ മാർത്തോമ പള്ളി സെമിത്തേരിയിൽ നടക്കും. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ്, പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ ആകാശ് ശശിധരൻ, കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസ്, തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ എന്നിവരുടെ മൃതദേഹം ഞായറാഴ്ചയാണ് സംസ്കരിക്കുക.
പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസിന്റെ സംസ്കാരച്ചടങ്ങുകൾ തിങ്കളാഴ്ചയാണ്. പത്തനംതിട്ട സ്വദേശി സിബിന്‍ ടി. എബ്രഹാമിന്റെയും കോട്ടയം പാമ്പാടി ഇടിമണ്ണിൽ സ്റ്റെഫിൻ ഏബ്രഹാം സാബുവിന്‍റെയും മൃതദേഹങ്ങളും തിങ്കളാഴ്ച സംസ്കരിക്കും. ചൊവ്വാഴ്ചയാണ് ചെങ്ങന്നൂർ സ്വദേശി മാത്യു തോമസിന്‍റെ സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.