പത്തിരിപ്പാല: ചെറുകിട ഫർണിച്ചർ നിർമാണ മേഖല പ്രതിസന്ധിയിലായതോടെ പരമ്പരാഗത തൊഴിലുമായി ഉപജീവനമാർഗം കഴിയുന്ന തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലായി. ഇരുമ്പ്, മെറ്റൽ, ഫൈബറുകൾ എന്നിവയുടെ കടന്നുകയറ്റമാണ് ഫർണിച്ചർ നിർമാണ മേഖലയെ പൂർണമായും പ്രതിസന്ധിയിലാക്കിയത്. പ്രധാനമായും ഫൈബറിന്റെയും ഇരുമ്പിന്റെയും സാധനങ്ങളുഖെ കടന്നുകയറ്റമാണ് മരം കൊണ്ടുള്ള ഉരുപ്പടികൾക്കും ഉപകരണങ്ങൾക്കും ആവശ്യക്കാർ ഇല്ലാതായത്.
നിലവിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് തൊഴിലുള്ളത്. ബാക്കിയുള്ള ദിവസങ്ങളിലാകട്ടെ സ്ഥാപനം തുറന്നിരിപ്പാണ്. പത്തിരിപ്പാല, മങ്കര, മേഖലയിൽ ഏകദേശം 30തോളം വരുന്ന ചെറുകിട ഫർണീച്ചർ യൂനിറ്റുകൾ പ്രവർത്തിച്ച് വരുന്നുണ്ട്. ഓരോ യൂനിറ്റിലും രണ്ടോ മൂന്നോ തൊഴിലാളികൾ ജോലിചെയ്യുന്ന കാലമുണ്ടായിരുന്നു. ഇന്ന് ഉടമ മാത്രമാണ് ജോലിക്കുള്ളത്. മുമ്പൊക്കെ ആളുകൾ ഇവരുടെ വീടുകൾ തേടിവരുന്ന കാലമുണ്ടായിരുന്നു. അതെല്ലാം നിലച്ചു. നിർമാണത്തിനുള്ള ഉരുപ്പടികൾ എത്താത്തതിനാൽ ഇത്തരം ചെറുകിട നിർമാണ യൂനിറ്റുകൾ പലതും അടച്ചുപൂട്ടേണ്ട അവസ്ഥയാണന്ന് മങ്കര കൂട്ടുപാതയിൽ ഫർണിച്ചർ തൊഴിൽ ചെയ്യുന്ന ഉത്തമൻ പറയുന്നു.
പലരും ഈ തൊഴിലിൽനിന്നും മാറി മറ്റു പലമേഖലകളിലേക്കും മാറുകയാണ്. ചെറുകിട ഫർണിച്ചർ നിർമാണ മേഖലയെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യവും ശക്തമാണ്. സർക്കാറിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നും ആയില്ലെങ്കിൽ വൈകാതെ തന്നെ ഈ തൊഴിൽ മേഖല നിലച്ചുപോകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.