കെ.സി വേണുഗോപാൽ

ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് കെ.സി വേണുഗോപാൽ

ന്യൂഡൽഹി: സി.പി.എം മുഖപത്രം ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്‍റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ശക്തിധരന്‍റെ ആരോപണത്തിൽ പ്രതികരിക്കുകയോ കേസെടുക്കുകയോ ചെയ്യുന്നില്ല. 10 വർഷം മുമ്പത്തെ ഡ്രൈവർ പറഞ്ഞതിൽ കെ. സുധാകരനെതിരെ കേസെടുക്കുന്ന പൊലീസ്, ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ കേസെടുക്കേണ്ടെയെന്നും വേണുഗോപാൽ ചോദിച്ചു.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ദുരൂഹമായ ഗൂഢാലോചനയാണ് കേരളത്തിൽ നടക്കുന്നത്. മോദിയെയും ബി.ജെ.പിയെയും സന്തോഷിപ്പിക്കുന്നത് വേണ്ടി അവരുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ വേട്ടയാടാൻ ശ്രമിക്കുന്നത്. പിണറായി സർക്കാറിനെതിരായ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണിത്. കോൺഗ്രസിനെ പരാജയപ്പെടുത്താനുള്ള രഹസ്യ നീക്കവും ഇതിന് പിന്നിലുണ്ടെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്‍റെ നിലവിലെ അവസ്ഥയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ ഐക്യത്തെ കുറിച്ച് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. മോദി സർക്കാർ ഇനിയും തുടരുന്നത് സങ്കൽപിക്കാൻ സാധിക്കുന്ന കാര്യമല്ലെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

സി.പി.എം ഉന്നത നേതാവ് രണ്ടു കോടിയിലേറെ രൂപ കൈതോലപ്പായയിൽ കെട്ടി കാറിൽ കടത്തിയെന്നും മറ്റൊരു വ്യവസായിയിൽ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നുമുള്ള ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ബെന്നി ബഹനാൻ പരാതി നൽകിയത്. ആരോപണം അതീവ ഗൗരവമുള്ളതാണെന്നും ശക്തിധരനിൽ നിന്ന് ഉടൻ മൊഴിയെടുക്കണമെന്നും അദ്ദേഹത്തിന് പൊലീസ് സംരക്ഷണം നൽകണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം മുതൽ ടൈം സ്ക്വയർ വരെ അറിയപ്പെടുന്ന നേതാവ് കൈതോലപ്പായയിൽ പൊതിഞ്ഞ് 2.35 കോടി രൂപ കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് കാറിൽ കടത്തിയെന്നാണ് ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി. ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചത്. ഈ നേതാവ് പിണറായി വിജയനാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും വെല്ലുവിളി ഉയർത്തുന്നത്.

പിണറായിയോട് അടുപ്പമുള്ളവർ കടലാസ് കമ്പനികൾ ഉപയോഗിച്ച് 1500 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടുകയും ഈ ഇടപാടുകളിൽനിന്നുള്ള 552 കോടിയോളം രൂപ വിദേശത്തേക്കു കടത്തിയെന്നുമാണ് ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലാ​യ ‘ലീഡി’ന്‍റെ ആരോപണം. പണം കൊണ്ടുപോയ ഇന്നോവ കാറിൽ ഇപ്പോഴത്തെ മന്ത്രിസഭയിലെ അംഗവും ഉണ്ടായിരുന്നെന്നും ശക്തിധരൻ പറയുന്നു.

പിന്നീട് കോവളത്തെ ഹോട്ടലിൽ ഈ നേതാവിന് ഒരു കോടീശ്വരൻ രണ്ട് കവറിലായി പണം കൈമാറിയെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിൽ ഒരു കവർ രാത്രി 11 ആയിട്ടും പാർട്ടി സെൻററിൽ കാത്തുനിൽക്കുകയായിരുന്ന സീനിയർ ജീവനക്കാരനെ ഏൽപ്പിച്ചു. ഇദ്ദേഹം മറ്റൊരു സ്റ്റാഫിന്റെ സാന്നിധ്യത്തിൽ എണ്ണിയപ്പോൾ 10 ലക്ഷം രൂപയുണ്ടായിരുന്നു. ഒരു കവർ നേതാവ് ഓഫിസിന്‍റെ എതിർവശത്തെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ആ കവറിലും ഇത്രതന്നെ തുകയുണ്ടായിരുന്നിരിക്കാം.

കൊച്ചി കലൂരിലുള്ള തന്‍റെ പഴയ ഓഫിസിൽവെച്ചാണ് വൻ തോക്കുകളിൽനിന്ന് നേതാവ് വാങ്ങിയ 2.35 കോടി രൂപ കൈതോലപ്പായയിൽ പൊതിഞ്ഞത്. പണം എണ്ണാൻ താനും സഹായിച്ചു. പ്രമുഖനായ നേതാവിന്‍റെ മകനായ സഹപ്രവർത്തകനൊപ്പം താനും പോയാണ് രണ്ടു വലിയ കൈതോലപ്പായ വാങ്ങിയത്. തനിക്കെതിരായ സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നേതാവിന്‍റെ പണമിടപാടുകൾ വെളിപ്പെടുത്തുന്നത്. സാധാരണ കള്ള് ചെത്തുകാരന്റെ കോടീശ്വരനായ മകനാണ് നേതാവ്. സൈബർ ഗുണ്ടകൾ ആക്രമണം ഉടൻ നിർത്തിയില്ലെങ്കിൽ ഇത്തരം എഴുത്തുകൾ തുടരുമെന്നും ശക്തിധരൻ മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - G Shaktidharan's revelation is shocking; K.C. Venugopal why not suing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.