റോഡ് അറ്റകുറ്റപ്പണി: മെയിന്‍റനന്‍സ് പോളിസി കൊണ്ടുവരും –ജി. സുധാകരന്‍

തിരുവനന്തപുരം: റോഡുകളുടെ അറ്റകുറ്റപ്പണിക്കായി മെയിന്‍റനന്‍സ് പോളിസി കൊണ്ടുവരുമെന്ന് മന്ത്രി ജി. സുധാകരന്‍. ഒരു ചീഫ് എന്‍ജിനീയറുടെ ചുമതലയിലാവും സംവിധാനം പ്രവര്‍ത്തിക്കുക. പൊതുമരാമത്ത് വകുപ്പിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി പരിഗണിക്കുമെന്നും ധനാഭ്യര്‍ഥനകളിലുള്ള ചര്‍ച്ചക്ക് മന്ത്രി മറുപടി നല്‍കി. സ്ഥലംമാറ്റത്തിന്‍െറ പേരില്‍ പൊതുമരാമത്ത് വകുപ്പില്‍ മാത്രം ഒരുവര്‍ഷം കൈക്കൂലിയായി 200 കോടിരൂപയാണ് മറിയുന്നത്. ഈ വര്‍ഷം സ്ഥലംമാറ്റത്തിന് ആര്‍ക്കും കൈക്കൂലി കൊടുക്കേണ്ടിവന്നില്ല. തങ്ങള്‍ ഉദ്ദേശിച്ച സ്ഥലത്ത് നിയമനം ലഭിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് കൈക്കൂലി നല്‍കാന്‍ പലരും തയാറാകാഞ്ഞത്.

കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ടി.ഒ. സൂരജ് എന്ന ഉദ്യോഗസ്ഥന്‍ ഇറക്കിയ ഉത്തരവുകള്‍ കണ്ടാല്‍ അദ്ഭുതപ്പെടും. അത്തരത്തിലുള്ള നിരവധി ഉത്തരവുകള്‍ ഇടത് സര്‍ക്കാര്‍ മരവിപ്പിച്ചു. പൊതുമരാമത്ത് മാന്വലില്‍ സര്‍ക്കാര്‍ കാലോചിതമാറ്റം വരുത്തും. പൊതുമരാമത്തിലെ എന്‍ജിനീയര്‍മാര്‍ കൊള്ളക്കാരാണെന്ന ആരോപണമുണ്ട്. അതിന് മാറ്റമുണ്ടാകണം. വകുപ്പ് തിരുവനന്തപുരത്ത് നാല് ഫൈ്ള ഓവറുകള്‍ നിര്‍മിക്കും. എറണാകുളം വൈറ്റിലയിലും കുണ്ടന്നൂരിലും ഫൈ്ള ഓവറുകള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തെഴുതി. കാസര്‍കോട് മുതല്‍ കളിയിക്കാവിളവരെയുള്ള ദേശീയപാത നാലുവരിയാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. ഭൂമി ഏറ്റെടുക്കലിലെ ബുദ്ധിമുട്ടുകളാണ് പ്രധാനതടസ്സം. പുതുതായി ചുമതലയേറ്റ ചില കലക്ടര്‍മാര്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ വേണ്ടത്ര കൃത്യതയില്ല.

പുതുതായി വരുന്ന റോഡുകള്‍ മുഴുവന്‍ റബറൈസ്ഡായും കയര്‍കൊണ്ടുള്ള ജിയോ ടെക്സ്ടൈയിലും പ്ളാസ്റ്റിക്കും ഉപയോഗിച്ചുമാകും നിര്‍മിക്കുക. കരാറുകാര്‍ക്ക് റോഡ് നിര്‍മാണം സംബന്ധിച്ച് പരിശീലനം നല്‍കും.ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കും. ദേശീയപാതയില്‍ നടത്തുന്ന അനധികൃത കൈയേറ്റങ്ങള്‍ തടയാനാണിത്. ഇത് നടപ്പാക്കാന്‍ ഓരോ ജില്ലയിലും അതത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ക്കാണ് ചുമതല. കെ.എസ്.ടി.പിയുടെ റോഡ് നിര്‍മാണത്തില്‍ സര്‍ക്കാറിന് അതൃപ്തിയുണ്ട്. ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 89 കോടി അനുവദിച്ചു. ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല. മൂന്ന് കോടി രൂപ ഒരു അസംബ്ളി മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Tags:    
News Summary - g sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.