വർക്കല: സമത്വവും അവകാശങ്ങളും കൈവരുമ്പോൾ ദുരാചാരങ്ങൾ മാറേണ്ടതാണെങ്കിലും നാട്ടിലിപ്പോൾ ചാതുർവർണ്യത്തിെൻറ പ്രേതങ്ങൾ വീണ്ടും വരുകയാണെന്ന് മന്ത്രി ജി. സുധാകരൻ. ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധി നവതിയാചരണത്തിെൻറ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാധാരണക്കാരന് ക്ഷേത്രപ്രവേശനം സാധ്യമായതുപോലെ എല്ലാ ദുരാചാരങ്ങളും മാറണം. ഞാനാണ് രാജാവെന്ന് പറഞ്ഞ് ചില സ്വപ്നജീവികൾ ഇറങ്ങിയിട്ടുണ്ട്. ഈ കാലത്ത് അനാവശ്യ സമരത്തിനില്ല എന്ന ഉറച്ച നിലപാട് കൈക്കൊണ്ട വെള്ളാപ്പള്ളി എസ്.എൻ.ഡി.പി യോഗത്തെ ശരിയായ ദിശയിലാണ് നയിക്കുന്നത്. ശബരിമലയുടെ പേര് പറയാതെയാണ് മന്ത്രി പരാമർശം നടത്തിയത്.
എൽ.ഡി.എഫ് കൺവീനർ കെ. വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തി. ദുരാചാരങ്ങളെ തകർത്തെറിയാനാണ് വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ശ്രീനാരായണഗുരു സമൂഹത്തെ ഉദ്ബോധിപ്പിച്ചത്. എന്നാലിന്ന് ഹിന്ദുത്വത്തിെൻറ പേരിൽ സവർണ ചിഹ്നങ്ങളെ കെട്ടിയേൽപിക്കാനുള്ള ബോധപൂർവ ശ്രമങ്ങളാണ് വളർന്നുവരുന്നത്. ശബരിമല വിഷയത്തിൽ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കേണ്ടതിനുപകരം ക്ഷേത്രത്തിന് മുന്നിലെത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എൻ സോമൻ, സുഭാഷ് വാസു, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, അരയക്കണ്ടി സന്തോഷ്, സ്വാമി ശിവസ്വരൂപാനന്ദ, ഗായത്രീകൃഷ്ണ, കൃഷ്ണ.സി എന്നിവർ സംസാരിച്ചു. അഡ്വ.വി. ജോയി എം.എൽ.എ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.