തിരുവനന്തപുരം: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയും ആവശ്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന് ഭരണ പരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്‍.
വ്യാവസായികാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ദ്രവീകൃത പ്രകൃതിവാതകം കൊച്ചിയില്‍നിന്ന് ബംഗളൂരുവിലേക്കെത്തിക്കുന്ന പൈപ്പ് ലൈന്‍ കടന്നുപോവുന്ന ജനവാസ മേഖലകളിലാണ് ഇപ്പോള്‍ പ്രശ്നം ഉടലെടുത്തിട്ടുള്ളത്. സാധാരണ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളില്‍നിന്നും വ്യത്യസ്തമായി കൈവശാധികാരം ഉടമയിലും, ഉപയോഗാധികാരം കമ്പനിയിലും നിക്ഷിപ്തമാക്കുന്ന രീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്, തുച്ഛമായ നഷ്ടപരിഹാരമാണ് ഏറ്റെടുക്കുന്ന ഭൂമിക്ക് നല്‍കുന്നത്, പ്രായോഗികമായി ഈ ഭൂമിയില്‍ ഇഷ്ടാനുസരണം കൃഷിയിറക്കാന്‍ ഭൂ ഉടമകള്‍ക്ക് അധികാരമില്ല എന്നിങ്ങനെയെല്ലാമുള്ള പരാതികളാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.
അതോടൊപ്പം, പൈപ്പ് ലൈനിന്‍റെ സുരക്ഷ ഭൂ ഉടമയുടെ ചുമതലയിലാണ് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയില്‍ത്തന്നെ, ഗ്യാസ് പൈപ്പ് ലൈനുകളില്‍ അപകടങ്ങള്‍ സംഭവിച്ച നിരവധി ഉദാഹരണങ്ങള്‍ മുന്നിലുള്ളതിനാല്‍ ജനങ്ങള്‍ ഇക്കാര്യത്തില്‍ ഭയപ്പാടിലാണെന്നും വി.എസ്. വ്യക്തമാക്കി.
ജനവാസമേഖലകളിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ പാടില്ല എന്ന മാര്‍ഗ നിര്‍ദ്ദേശത്തിന്‍റെയും മുന്‍കാല അപകടങ്ങളുടെയും അപര്യാപ്തമായ നഷ്ടപരിഹാര തുകയുടേയും പേരിലാണ് ജനങ്ങള്‍ ആശങ്കാകുലരാവുന്നതെന്നും ഈ കാര്യങ്ങള്‍ ഗൗരവമുള്ളതാകയാല്‍, ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും വി.എസ്. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.