നോട്ടുദെണ്ണം തീണ്ടാതെ ചൂതാട്ട കേന്ദ്രങ്ങള്‍

പാലക്കാട്: സര്‍വമേഖലയേയും വിഴുങ്ങിയ നോട്ടുദെണ്ണം അനുദിനം മൂര്‍ച്ഛിക്കുന്നതിനിടെ സംസ്ഥാനത്ത് നക്ഷത്ര ക്ളബുകളില്‍ ആരുടെയും ശല്യമില്ലാതെ ചൂതാട്ടം അരങ്ങുവാഴുന്നു. ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നോട്ടുകള്‍ അസാധുവാക്കലും ബാങ്കുകളിലെ കറന്‍സി ക്ഷാമവും തരിമ്പും പോറലേല്‍പ്പിക്കാത്ത കേന്ദ്രങ്ങളായാണ് മിക്ക ജില്ലകളിലുമുള്ള ചൂതാട്ട കേന്ദ്രങ്ങള്‍ മാറിയിട്ടുള്ളത്. പണംവെച്ചുളള റമ്മി കളി നിര്‍ബാധം നടക്കുന്ന മൂന്ന് കേന്ദ്രങ്ങള്‍ പാലക്കാട് നഗരത്തില്‍ മാത്രമുണ്ട്. ഇതിലൊന്നില്‍ ഗുരുതരമായ സാമ്പത്തിക തിരിമറി നടന്നുവെന്നുപറഞ്ഞ് ക്ളബുമായി ബന്ധപ്പെട്ടവര്‍ തന്നെ തെളിവ് സഹിതം നല്‍കിയ പരാതി പാടെ അവഗണിക്കാനാണ് പൊലീസിന്‍െറ തീരുമാനം.

ഒറ്റക്കളിക്ക് 2000 രൂപ മുതല്‍ 60,000 രൂപ വരെ പണം ഈടാക്കി തുടരുന്ന ശീട്ടുകളി കേന്ദ്രങ്ങള്‍ ഉച്ച  മുതല്‍ അര്‍ധരാത്രിവരെ പ്രവര്‍ത്തനം നടത്തുന്നു. ജയിക്കുന്നയാള്‍ക്ക് കഴിഞ്ഞ ദിവസവും നല്‍കിയത് അസാധുവാക്കപ്പെട്ട നോട്ടുകളാണ്. കളിക്കാരാണ് നോട്ടുകള്‍ നല്‍കുന്നതെന്നും തങ്ങള്‍ക്കുള്ള വിഹിതത്തില്‍ അസാധുനോട്ടുകള്‍ ഉണ്ടാവില്ളെന്നും ക്ളബുകാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഒരാള്‍ക്കുപോലും നോട്ട് പ്രതിസന്ധി അനുഭവപ്പെട്ടിട്ടില്ല. 

കേന്ദ്ര സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണ് ഭൂരിഭാഗം ക്ളബുകളും. ഒമ്പത് പേര്‍ വീതം ഇരിക്കുന്ന ടേബിളുകളിലായാണ് പലയിടത്തും കളി നടക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് മാത്രമേ, കളിയില്‍ വിജയിക്കാനും പണം നേടാനും കഴിയൂ. ബാക്കി എട്ടുപേര്‍ക്കും നേരത്തെ എടുത്ത ടോക്കണ്‍ പ്രകാരം പണം നല്‍കിയേ പറ്റൂ. ഇതിനാണ് അസാധുനോട്ടുകള്‍ ഉപയോഗിക്കുന്നത്.

ചൂതാട്ടം നടക്കുന്ന ഭൂരിഭാഗം ക്ളബുകളിലും മദ്യപാനത്തിനും സൗകര്യമുണ്ട്. ഇതിനും നോട്ട് ദുരിതം ബാധിച്ചിട്ടില്ല. ഏതാണ്ട് പത്ത് കോടി രൂപ വാര്‍ഷിക വരുമാനമുള്ളതും വര്‍ഷങ്ങളുടെ പഴക്കമുള്ളതുമായ പാലക്കാട് നഗരത്തിലെ മാധവരാജ ക്ളബില്‍ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് പാലക്കാട് ടൗണ്‍ സൗത് പൊലീസിന് ഒരു മാസം മുമ്പ് ലഭിച്ച പരാതിയില്‍ കേസെടുക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. പരാതി ലഭിച്ചത് ശരിയാണെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.  പൊലീസ് നിലപാടിനെതിരെ ഹൈകോടതിയെ സമീപിക്കാനാണ് പരാതിക്കാരന്‍െറ തീരുമാനം.

പരാതിയില്‍ കഴമ്പില്ളെന്ന് ബോധ്യപ്പെട്ടതിനാലാവും കേസെടുക്കാതിരുന്നതെന്ന് ക്ളബ് പ്രസിഡന്‍റ് കൃഷ്ണദാസ് പറയുന്നു. ക്ളബില്‍  പണംവെച്ചുള്ള ശീട്ടുകളി നടക്കുന്നുണ്ടെന്നത് വസ്തുതയാണെങ്കിലും സാധുവായ നോട്ടുകളുടെ ക്രയവിക്രയങ്ങള്‍ മാത്രമേ ഉള്ളൂവെന്നാണ് അദ്ദേഹത്തിന്‍െറ നിലപാട്. നഗരത്തില്‍ തന്നെയുള്ള ടൗണ്‍ സ്ക്വയര്‍ ക്ളബ്, ഓഫിസേഴ്സ് ക്ളബ് എന്നീ ഇടങ്ങളിലും പണം വെച്ചുള്ള ചീട്ടുകളി തുടരുന്നതായാണ് സൂചന.

Tags:    
News Summary - gambling centres not effect the currency ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.