സർട്ടിഫിക്കറ്റ് ക്വോട്ടയിൽ രണ്ടുപേർക്ക് അധികമായി പ്രമോഷൻ നൽകിയപ്പോൾ ഡിേപ്ലാമ ക്വോട്ടയിൽ രണ്ടുപേരുടെ കുറവുണ്ട്. ആവശ്യപ്പെട്ടിട്ടും ആർക്കിടെക്ചറൽ വിഭാഗം ഇതു സംബന്ധിച്ച് വിശദീകരണം നൽകാൻ തയാറായില്ല
തിരുവനന്തപുരം: സർക്കാർ സർവിസിൽ കയറുകയാണെങ്കിൽ പി.ഡബ്ല്യു.ഡി വാസ്തുശിൽപ വിഭാഗം സാങ്കേതിക വിഭാഗത്തിൽ എത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആഗ്രഹം. കാരണം മറ്റൊന്നുമല്ല, പ്രബേഷൻ പൂർത്തിയാക്കുന്നതിനു മുമ്പേ സ്ഥാനക്കയറ്റം ലഭിച്ചേക്കാം. വാച്ച്മാൻ/ഓഫിസ് അറ്റൻഡൻഡ് തസ്തികളിലേക്ക് നേരിട്ട് പി.എസ്.സി റാങ്ക് വഴി കയറുന്നവർക്ക് തുടർച്ചയായ രണ്ടു വർഷത്തിൽ ഒരു വർഷമാണ് പ്രബേഷൻ കാലയളവ്. നിലവിൽ സംസ്ഥാനത്തുള്ള എല്ലാ തസ്തികകളിലേക്കും തുടർച്ചയായി മൂന്നു വർഷത്തിൽ രണ്ടു വർഷമാണ് പ്രബേഷൻ കാലയളവ്. വാസ്തു ശിൽപ വിഭാഗത്തിലെ ട്രേസർ തസ്തികയിലെ നാല് ജീവനക്കാർക്ക് പ്രബേഷൻ കാലയളവ് പൂർത്തിയാക്കുന്നതിനു മുമ്പേ അനധികൃത സ്ഥാനക്കയറ്റം ലഭിച്ചു.
1996 മുതൽ 1996 മുതൽ 2001 വരെ കാലയളവിൽ ജോലിയിൽ പ്രവേശിച്ചവരാണ് ഈ നാലുപേർ. ഇതിലൊരാൾ 1996 നവംബർ 11നാണ് ജോലിയിൽ പ്രവേശിച്ചത്. രണ്ടു വർഷം കഴിഞ്ഞാലാണ് പ്രബേഷൻ കാലയളവ് പൂർത്തിയാകുന്നത്. അതായത് 1998 നവംബർ 17നായിരുന്നു പ്രബേഷൻ ഡിക്ലയർ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, അതിനും എട്ടു മാസം മുമ്പേ ‘താൽക്കാലിക പ്രമോഷൻ’ എന്ന ചട്ടവിരുദ്ധ മാർഗത്തിലൂടെ സ്ഥാനക്കയറ്റമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടി. മറ്റു മൂന്നുപേരുടെ സ്ഥിതിയും മറിച്ചല്ല. സർക്കാർ സംവിധാനത്തിലൊന്നും നിലവിലില്ലാത്ത താൽക്കാലിക പ്രമോഷൻ എന്ന ചെപ്പടിവിദ്യയുടെ മറവിലാണിത്.
അടിയന്തര സാഹചര്യത്തിൽ താൽക്കാലിക സ്ഥാനക്കായറ്റം നൽകേണ്ടി വരികയാണെങ്കിൽ മുൻകൂട്ടി സർക്കാർ ഉത്തരവ് നേടണമെന്നാണ് ചട്ടം. പിന്നീട് വന്നവർക്കൊന്നും ഈ ആനുകുല്യം ലഭിക്കാത്തതിനാൽ അവരിൽ ചിലർ കോടതിയെ സമീപിച്ച സംഭവവുമുണ്ടായി. ഈ നാലുപേരൊഴികെ പിന്നീട് സർവിസിൽ പ്രവേശിച്ചവർക്കെല്ലാം പ്രബേഷൻ കാലയളവ് കൃത്യമായി പാലിച്ചിട്ടുണ്ട്. ഒരു പ്രത്യേക വ്യക്തിക്കുവേണ്ടി നിയമം ലഘിച്ച് നടത്തിയ സ്ഥാനക്കയറ്റമാണിതെന്ന് ഇതിലൂടെ വ്യക്തമാണ്.
ആർക്കിടെക്ചർ അസിസ്റ്റന്റ് തസ്തികയിലെ നിയമനത്തിലുണ്ടായ ഗുരുതര പിഴവും ഓഡിറ്റ് വിഭാഗം ചൂട്ടിക്കാട്ടുന്നു. പ്രമോഷൻ ക്വോട്ട/ഡിപ്പാർട്മെൻറൽ ക്വോട്ട നിയമനവുമായി ബന്ധപ്പെട്ട് ആർക്കിടെക്ചറൽ കോഴ്സ് പാസാകാത്തവർക്കും താൽക്കാലിക പ്രമോഷൻ നൽകി.
നിലവിലെ സ്പെഷൽ റൂൾ ചട്ടം ലംഘനവും കണ്ടെത്തി. ക്വോട്ട മാറ്റത്തെപ്പറ്റി ഭേദഗതി വരുത്തിയ സ്പെഷൽ റൂളിന് മുമ്പോ ശേഷമോ യാതൊരു പരാമർശവുമില്ല. 2021 ജൂലൈ ഏഴിന് പൊതുമരാമത്ത് സെക്രട്ടറി ചീഫ് ആർക്കിടെക്ടിന് നൽകിയ ബി-3/79/2020 സർക്കാർ കത്ത് പ്രകാരം ആർക്കിടെക്ചറൽ സബോഡിനേറ്റ് സർവിസിലേക്കോ ആർക്കിടെക്ചറൽ ഗസറ്റഡ് സർവിസിലേക്കോ യാതൊരു കാരണവശാലും ക്വോട്ട മാറ്റം അനുവദിക്കാൻ പാടില്ല. എന്നിട്ടും നിയമനം പുനഃപരിശോധിക്കാൻ നടപടി സ്വീകരിച്ചില്ല.
നിലവിലുള്ള 14 ആർക്കിടെക്ചറൽ അസിസ്റ്റന്റ് തസ്തികകളിൽ പി.എസ്.സി വഴി നേരിട്ട് നിയമം ലഭിച്ച ഏഴുപേരുണ്ട്. ഡിപ്പാർട്മെന്റ് ക്വോട്ട വഴി നിയമനം നൽകേണ്ട ഒരു തസ്തിക ഒഴിഞ്ഞുകിടക്കുന്നു. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത ഈ ഒഴിവിലേക്ക് ഒരാൾക്ക് വീണ്ടും താൽക്കാലിക സ്ഥാനക്കയറ്റം നൽകി നിയമം ലംഘിച്ചു. ഇതുപോലെ സർട്ടിഫിക്കറ്റ് ക്വോട്ടയിൽ രണ്ടുപേർക്ക് അധികമായി പ്രമോഷൻ നൽകിയപ്പോൾ ഡിേപ്ലാമ ക്വോട്ടയിൽ രണ്ടുപേരുടെ കുറവുണ്ട്. ആവശ്യപ്പെട്ടിട്ടും ആർക്കിടെക്ചറൽ വിഭാഗം ഇതു സംബന്ധിച്ച് വിശദീകരണം നൽകാൻ തയാറായില്ല.
നിലവിലെ ചട്ടങ്ങൾ പാലിക്കാതെ മൂന്നുപേർക്ക് ക്വോട്ട മാറ്റം നൽകിയതായും ഓഡിറ്റ് ചൂണ്ടിക്കാട്ടുന്നു. ആർക്കിടെക്ചറൽ കാര്യാലയത്തിൽ നിന്ന് തയാറാക്കിയ ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ഒന്നിന്റെ സീനിയോറിറ്റി ലിസ്റ്റിൽ (ഓർഡർ നമ്പർ- ഇ.സി (2) 738/2006- 30-04-2016) വി.ഒ. ഹാർലി, ബി. ഗീത, എസ്. കല എന്നിവർക്ക് ചട്ടവിരുദ്ധമായി സർട്ടിഫിക്കറ്റ് ക്വോട്ടയിൽ നിന്ന് ഡിേപ്ലാമ ക്വോട്ടയിലേക്ക് ക്വോട്ട മാറ്റം നൽകി. ആർക്കിടെക്ചറൽ സർവിസിൽ ക്വോട്ട മാറ്റം പാടില്ലെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണിത്. കൂടാതെ, ഡിേപ്ലാമ ക്വോട്ട, സർട്ടിഫിക്കറ്റ് ക്വോട്ട എന്നിവക്ക് 3:2 എന്ന അനുപാതത്തിൽ സീനിയോറിറ്റി തയാറാക്കാനും സർക്കാർ ഉത്തരവുണ്ട്. ഇതെല്ലാം ലംഘിച്ച് സ്വജനപക്ഷപാതപരമായാണ് ചിലരുടെ സ്ഥാനക്കയറ്റം.
മുൻകാലങ്ങളിൽതന്നെ ആർക്കിടെക്ചറൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തിക നിയമനത്തിൽ അപാകത സംഭവിച്ചതായി ഓഡിറ്റ് വിഭാഗം പറയുന്നു. ആർക്കിടെക്ചറൽ അസിസ്റ്റന്റ് തസ്തികയുടെ പ്രമോഷൻ തസ്തികയായ ടെക്നിക്കൽ അസിസ്റ്റന്റ് നിയമനത്തിലും ക്രമക്കേട് സംഭവിച്ചു. നിലവിൽ ഈ തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന വി.ഒ. ഹാർലി ഉൾപ്പെട്ട ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ഒന്നിന്റെ സീനിയോറിറ്റി ലിസ്റ്റിൽ സർട്ടിഫിക്കറ്റ് ക്വോട്ടയിൽ നിന്ന് ഡിേപ്ലാമ ക്വോട്ടയിലേക്കുള്ള മാറ്റം നടത്തി ചട്ടം ലംഘിച്ചിട്ടുണ്ട്. ഇതിനാൽ തുടർന്ന് അവർക്ക് ലഭിച്ച രണ്ട് സ്ഥാനക്കയറ്റങ്ങളും പരിശോധിക്കണമെന്നും ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.