പാലക്കാട്: കഴിഞ്ഞ ഏഴുവർഷം കൊണ്ട് നരേന്ദ്രമോദിയുടെ സർക്കാർ ഗാന്ധിജിയുടെ സ്വപ്നങ്ങൾ യാഥാർത്ഥമാക്കിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പാലക്കാട് ശബരി ആശ്രമത്തിൽ നിന്നും അകത്തേതറ പഞ്ചായത്ത് വരെ നയിച്ച ത്രിവർണ്ണയാത്രയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോഡ്സെക്ക് ഗാന്ധിയുടെ ശരീരത്തെ മാത്രമേ കൊല്ലാൻ സാധിച്ചിട്ടുള്ളൂ. ഗാന്ധിയുടെ ആത്മാവിനെ കൊന്നത് കോൺഗ്രസാണ്. ഗാന്ധിയുടെ ആശയങ്ങളെ കരിച്ചുകളഞ്ഞത് നെഹ്റുകുടുംബമാണ്. ഗ്രാമങ്ങളിലാണ് ഭാരതം കുടികൊള്ളുന്നതെന്ന് ഗാന്ധി പറഞ്ഞപ്പോൾ കോൺഗ്രസ് ഗ്രാമങ്ങളെ നശിപ്പിച്ചു. അമേരിക്കയുടേയും റഷ്യയുടേയും ചിന്താഗതിയാണ് നെഹ്റു സ്വീകരിച്ചത്. അങ്ങനെയുള്ള കോൺഗ്രസാണ് ബി.ജെ.പി ഗാന്ധിവിരോധികളാണ് എന്ന് പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
മഹാത്മജി പോരാടിയത് ഈ നാട്ടിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ മോചനത്തിനാണ്. അത് സാധ്യമാക്കിയത് മോദിയാണ്. സ്വദേശിവത്ക്കരണം, സ്വയംപര്യാപ്ത ഗ്രാമങ്ങൾ, സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവർക്ക് വേണ്ടിയുള്ള അന്ത്യോദയ പദ്ധതി, എല്ലാവർക്കും കുടിവെള്ളം, വിദ്യാഭ്യാസനയം, ഖാദി വ്യവസായത്തിന്‍റെ വളർച്ച എന്നീ എല്ലാ ഗാന്ധിയൻ ആശയങ്ങളും ബി.ജെ.പി സർക്കാർ നടപ്പിലാക്കി. രാജ്യത്ത് വികസനത്തിന്‍റെ വെള്ളിവെളിച്ചം എല്ലാവരിലുമെത്തിച്ചത് മോദിയാണ്. ഗാന്ധിയും ദീനദയാലും സ്വീകരിച്ച മാർഗമാണ് മോദി തുടരുന്നത്.
ആറുപതിറ്റാണ്ട് കാലം രാജ്യം ഭരിച്ച കോൺഗ്രസ് കേവലം കുട്ടികളെ കൊണ്ട് സേവനവാരം അല്ലാതെ ഗാന്ധിയുടെ ഓർമ്മയ്ക്ക് വേണ്ടി എന്താണ് നടപ്പിലാക്കിയതെന്ന് സുരേന്ദ്രൻ ചോദിച്ചു. എന്നാൽ മോദി സർക്കാർ കോടിക്കണക്കിന് രൂപ മുടക്കി മോദി സ്വച്ഛഭാരത് പദ്ധതി ഉണ്ടാക്കി. എല്ലാവർക്കും ശൗചാലയങ്ങൾ കൊണ്ടുവന്നു. നവാമി ഗംഗ പോലുള്ള കർമ്മപദ്ധതി സൃഷ്ടിച്ചു.
സ്വാതന്ത്ര്യത്തിന് ശേഷം കാലഹരണപ്പെട്ട കോൺഗ്രസിനെ പിരിച്ചുവിടണം എന്ന് ഗാന്ധിജി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ കൊണ്ട് രാഷ്ട്രത്തിന് ഒരു പ്രയോജനവുമില്ലെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് അദ്ദേഹമാണ്. കോൺഗ്രസിനെ സ്വാതന്ത്ര്യലബ്ദിക്കുള്ള മാർഗം മാത്രമായാണ് അദ്ദേഹം കണ്ടത്.
മണ്ഡലം പ്രസിഡന്‍റ് സുരേഷ് കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാപ്രസിഡന്‍റ് ഇ.കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ ജനറൽസെക്രട്ടറി പി.വേണുഗോപാൽ, യുവമോർച്ചാ സംസ്ഥാന പ്രസിഡന്‍റ് സി.ആർ പ്രഫുൽ കൃഷ്ണൻ, മുൻ മുൻസിപ്പൽ ചെയർമാൻ പ്രമീള ശശിധരൻ, യുവമോർച്ചാ ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.