ചെങ്ങന്നൂർ: ഒഡിഷയിൽ നിന്നും കാറിൽകൊണ്ടുവരുകയായിരുന്ന പതിനഞ്ച് കിലോഗ്രാം കഞ്ചാവുമായി ആറംഗ സംഘം ചെങ്ങന്നൂരിൽ പൊലീസ് പിടിയിലായി. ചെങ്ങന്നൂർ തുണ്ടിയിൽപള്ളത്ത് സുജിത്ത് (29), ചെങ്ങന്നൂർ മംഗലം ഉമ്മറത്തറയിൽ സംഗീത് (സൻജു -29) , ചെങ്ങന്നൂർ വാഴാർ മംഗലം ചെമ്പകശ്ശേരിയിൽ-കിരൺ (കീരി-24), പത്തനംതിട്ട കിടങ്ങൂർ തൊണ്ടയിൽ മുടയിൽ അമൽ രഘു(28),ചെങ്ങന്നൂർ മംഗലം കല്ലുരക്കൽ സന്ദീപ് (26), ചെങ്ങന്നൂർ മംഗലം തുണ്ടിയിൽ ശ്രീജിത്ത് (കണ്ണൻ -31) എന്നിവരെ ചെങ്ങന്നുർ റെയിൽവേ മേൽപാലത്തിന് താഴെവെച്ചാണ് പിടികൂടിയത്.
കിരണും സംഗീതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നു പൊലീസ് അറിയിച്ചു. 5000 രൂപക്ക് ഒഡിഷയിൽ നിന്നും വാങ്ങുന്ന കഞ്ചാവ് നാട്ടിൽ മൂന്ന് ഗ്രാമിന്റെ വീതം 500 രൂപയുടെ ചെറുപൊതികളാക്കി വിൽക്കുന്നത്.
ജില്ലാ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി.ബി.പങ്കജാക്ഷന്റെ നേത്വത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ ഡി.വൈ.എസ്.എസ്.പി കെ.എൻ രാജേഷിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ദേവരാജൻ, എസ്.ഐ.മാരായ വിനോജ്, അസീസ്, രാജിവ്, എ.എസ്.ഐ സെൻകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഹരികുമാർ, അരുൺ, രാജേഷ്, ജിൻസൻ,സ്വരാജ് എന്നിവരടങ്ങുന്ന സംഘവും ജില്ല പൊലിസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായാണ് അറസ്റ്റ് ചെയ്തത്.
ക്രിമിനൽ പശ്ചാത്തലമുള്ളവരെ രഹസ്യമായി നിരിക്ഷിച്ചു വരുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ വൻ തോതിൽ മയക്കു മരുന്നുകൾ പിടികൂടാൻ സാധിക്കുന്നതെന്ന് നർക്കോട്ടിക്സെൽ ഡി.വൈ.എസ്.പി.പറഞ്ഞു. അധ്യയന വർഷാരംഭത്തിന്റെ മുന്നോടിയായി ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.