കൊച്ചി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ സംസ്ഥാനത്തെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട കരാർ നടപടികൾ സ്തംഭിക്കരുതെന്ന് ഹൈകോടതി. മാലിന്യനീക്കം അടിയന്തര ആവശ്യമാണ്. തെരഞ്ഞെടുപ്പിന്റെ പേരിൽ ഇത് തടസ്സപ്പെട്ടാൽ കോടതിക്ക് ഇടപെടേണ്ടിവരുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ബ്രഹ്മപുരം പ്ലാന്റിലെ അഗ്നിബാധയും മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് കോടതിയുടെ നിർദേശം.
മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് കോടതിയിൽ ഓൺലൈനായി ഹാജരായ തദ്ദേശഭരണ അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പെരുമാറ്റച്ചട്ടം നിലവിൽവന്നതായും അടിയന്തര ആവശ്യങ്ങൾ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയോടെ നടപ്പാക്കാനാകുമെന്നും കോടതിയെ അറിയിച്ചു.
ഈ ഘട്ടത്തിലാണ് മാലിന്യനീക്കത്തിന് തടസ്സമുണ്ടാകരുതെന്ന പരാമർശം കോടതിയിൽനിന്നുണ്ടായത്. സ്ഥാനാർഥികളുടെ പ്രചാരണത്തിന് നിരോധിത ഫ്ലക്സും പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഉപയോഗിക്കുന്നില്ലെന്ന് തദ്ദേശവകുപ്പ് ഉറപ്പാക്കണം. ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ സംസ്കരണ നടപടികൾ നിലവിൽ പ്രശംസനീയമായ രീതിയിലാണുള്ളത്. അതേസമയം, തീപിടിത്തമുണ്ടാകുമ്പോൾ ഫയർഎൻജിനുകൾക്ക് സുഗമമായി നീങ്ങാൻ ബ്രഹ്മപുരത്ത് നിലവിൽ അസൗകര്യമുണ്ട്. ഇതിന് ഉടൻ താൽക്കാലിക പാതകളെങ്കിലും സജ്ജമാക്കണം.
മാലിന്യങ്ങൾ ഞെരുക്കിയൊതുക്കുന്ന 13 റെഫ്യൂസ് കോംപാക്ടറുകളും തകരാറിലാണെന്ന് കഴിഞ്ഞ ദിവസം പ്ലാന്റ് സന്ദർശിച്ച ബെഞ്ചിലെ രണ്ട് ജഡ്ജിമാരും ചൂണ്ടിക്കാട്ടി. റെഫ്യൂസ് കോംപാക്ടറുകളിൽ 11 എണ്ണം നന്നാക്കിയെടുക്കാമെന്ന് ശാരദ മുരളീധരൻ അറിയിച്ചു. ബ്രഹ്മപുരത്ത് തള്ളിയ 686 ടൺ കെട്ടിട മാലിന്യങ്ങൾ എന്തുചെയ്യാനാകുമെന്ന് ആലോചിക്കണമെന്നും കോടതി പറഞ്ഞു. റെയിൽവേ ട്രാക്കിലും സമീപത്തെ ചതുപ്പുകളിലും കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്യാൻ നടപടികൾക്കായി റെയിൽവേ അടക്കം വകുപ്പുകളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് അഡീ. ചീഫ് സെക്രട്ടറി അറിയിച്ചു.
ജനങ്ങളും ഇക്കാര്യത്തിൽ ഉത്തരവാദിത്തം കാട്ടണമെന്ന് വ്യക്തമാക്കിയ കോടതി, ദക്ഷിണ റെയിൽവേ ജനറൽ മാനേജരെ കേസിൽ കക്ഷിചേർക്കാൻ നിർദേശിച്ചു. ബീച്ചുകളിൽ പ്ലാസ്റ്റിക് വ്യാപിക്കുന്ന കാര്യവും ജസ്റ്റിസ് ബെച്ചു ചൂണ്ടിക്കാട്ടി. തീരശുചീകരണത്തിന് നടപടിയെടുക്കുമെന്ന് അഡീ. ചീഫ് സെക്രട്ടറി ഉറപ്പുനൽകി. തുടർന്ന് ഹരജികൾ ഏപ്രിൽ ഒമ്പതിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.