മലപ്പുറം: ഗെയിൽ വാതക പൈപ് ലൈൻ പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങളിലെ റിപ്പോർട്ട് നൽകാൻ ഹൈകോടതി നിയോഗിച്ച അന്വേഷണ കമീഷൻ തൃശൂർ, മലപ്പുറം ജില്ലകളിൽ സന്ദർശനം നടത്തി. ജനവാസകേന്ദ്രങ്ങളിലൂടെ പോകുന്ന പൈപ് ലൈൻ സുരക്ഷമാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥാപിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. ഹൈകോടതി അഭിഭാഷക ശമീനയാണ് കമീഷൻ അംഗം. സെപ്റ്റംബർ 22നകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു. പൈപ് ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലുള്ളവർ ആഗസ്റ്റ് 18നാണ് ഹൈകോടതിയെ സമീപിച്ചത്. പെരുമ്പിലാവ്, വളാഞ്ചേരി, മലപ്പുറം, പൂക്കോട്ടൂർ എന്നിവിടങ്ങളിൽ പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങൾ കമീഷൻ ശനിയാഴ്ച പരിശോധിച്ചു. മലപ്പുറത്ത് നടന്ന പരിശോധനയിൽ ഗെയിൽ വിരുദ്ധ സമര സമിതി പ്രവർത്തകരിൽ നിന്നും നഗരസഭ അധ്യക്ഷ സി.എച്ച്. ജമീല, ഹാരിസ് ആമിയൻ തുടങ്ങിയ ജനപ്രതിനിധികളിൽ നിന്നും കമീഷൻ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പദ്ധതി നടപ്പാക്കുന്നതിൽ എതിർപ്പില്ലെന്നതാണ് തങ്ങളുടെ നിലപാടെന്ന് സമരസമിതി പ്രവർത്തകർ ആവർത്തിച്ചു. ഞായറാഴ്ച കോഴിക്കോട്ട് പരിശോധന നടക്കും. ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന വാതക പൈപ് ലൈൻ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങളാണ് കമീഷൻ അന്വേഷിക്കുന്നത്. നിലവിൽ 46 കെട്ടിടങ്ങളിൽ കൂടുതലുള്ള പ്രദേശം എന്ന വിഭാഗത്തിൽ പെട്ട ക്ലാസ് മൂന്നിലാണ് മലപ്പുറം ഉൾപ്പെടുന്നത്. എന്നാൽ നാലു നില കെട്ടിടങ്ങൾക്ക് മുകളിലുള്ളവ പൈപ് ലൈന് സമീപത്തുണ്ടെങ്കിൽ ക്ലാസ് നാലിലാണ് ആ പ്രദേശം ഉൾപ്പെടുക. പദ്ധതി കടന്നു പോകുന്ന മലപ്പുറം കിഴക്കേതലയിൽ തന്നെ ഇൗ രീതിയിലുള്ള കെട്ടിടങ്ങളുണ്ടെന്ന് സമര സമിതി പ്രവർത്തകർ കമീഷന് കാണിച്ചുകൊടുത്തു. ഗെയിൽ കമ്പനി പ്രതിനിധി പ്രിൻസ് ലോറൻസും കമീഷനൊപ്പമുണ്ടായിരുന്നു. അതേസമയം, ക്ലാസ് നാലിൽപെടുന്ന പ്രദേശമാണെന്ന് കമീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയാലും പദ്ധതിയുടെ നിലവിലുള്ള രൂപരേഖ മാറാൻ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.