ആഭ്യന്തര ഉല്‍പാദനം: കേന്ദ്രത്തിന്‍േറത് കണക്കിലെ കളി –തപന്‍സെന്‍

പാലക്കാട്: രാജ്യത്തെ ആഭ്യന്തര ഉല്‍പാദനനിരക്ക് വര്‍ധിച്ചെന്ന് പറയുന്നത് കണക്കുകള്‍ കൊണ്ടുള്ള കളി മാത്രമാണെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍. ഈ വളര്‍ച്ചാനിരക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്നും കഴിഞ്ഞ കാലങ്ങളില്‍ കണക്കാക്കിയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചല്ല നിരക്ക് കണക്കാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു 13ാമത് സംസ്ഥാനസമ്മേളനത്തിന്‍െറ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാവസായിക ഉല്‍പാദനവും കാര്‍ഷിക ഉല്‍പാദനവും താഴേക്കാണ്. പിന്നെങ്ങനെയാണ് ആഭ്യന്തര ഉല്‍പാദന നിരക്ക് ഉയരുക. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് അവരെ ദേശദ്രോഹികളായും ദേശസ്നേഹികളായും തരംതിരിക്കുന്നത്.
ദേശസ്നേഹത്തെക്കുറിച്ച് പറയുന്ന കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് വിദേശനിക്ഷേപത്തിനായി വാതിലുകള്‍ തുറന്നിടുന്നതും കണ്ണായ സ്വത്തുക്കള്‍ സ്വകാര്യമേഖലക്ക് പതിച്ചുനല്‍കുന്നതും. പ്രധാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് വര്‍ഗീയ കാര്‍ഡിറക്കുന്നത്. കഴിഞ്ഞ രണ്ട് ദേശീയ പണിമുടക്കില്‍നിന്ന് ബി.എം.എസ് നേതാക്കള്‍ പിന്മാറിയെങ്കിലും തൊഴിലാളികള്‍ അണിനിരന്നെന്നും തപന്‍സെന്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. എം.ബി. രാജേഷ് എം.പി സ്വാഗതം പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. സി.ഐ.ടി.യു ദേശീയ പ്രസിഡന്‍റ് എ.കെ. പത്മനാഭന്‍, തെലങ്കാന സംസ്ഥാന സെക്രട്ടറി സായിബാബു, മന്ത്രിമാരായ എ.കെ. ബാലന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, ടി.പി. രാമകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.എം. ലോറന്‍സ് എന്നിവര്‍ പങ്കെടുത്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് എളമരം കരീമും സംഘടനാ റിപ്പോര്‍ട്ട് എ.കെ. പത്മനാഭനും അവതരിപ്പിച്ചു.

 

Tags:    
News Summary - gdp: centre plays game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.