എം.ടിക്ക് നന്ദി, ഒത്തിരി നാളുകൾക്ക് ശേഷമാണ് പല്ലുള്ള രാഷ്ട്രീയ വിമർശനം കേൾക്കുന്നത് -ഗീവർഗീസ് മാർ കൂറിലോസ്

കോട്ടയം: കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷ വിമശനം നടത്തിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് നന്ദി പറഞ്ഞ് യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഗീവർഗീസ് മാർ കൂറിലോസ്. ‘ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത്... എം.ടിക്ക് നന്ദി’ എന്ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.

‘ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത്... എം. ടി. ക്ക് നന്ദി...അധികാരത്തിലുള്ള എല്ലാവരും കേൾക്കേണ്ട ശബ്ദം... മൂർച്ചയുള്ള ശബ്ദം... കാതുള്ളവർ കേൾക്കട്ടെ... അധികാരം അടിച്ചമർത്താൻ ഉള്ളതല്ല... അധികാരം ജനസേവനത്തിന് മാത്രം ആവട്ടെ...’ അദ്ദേഹം വ്യക്തമാക്കി.

ഏതുവിഷയത്തിലുമുള്ള നിലപാടുകൾ വെട്ടിത്തുറന്നുപറയുന്ന വൈദികനാണ് ഗീവർഗീസ് മാർ കൂറിലോസ്. കെ. റെയിലിന് പിന്നിൽ വലിയ അഴിമതിയും കൊള്ളയുമാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. സിൽവർ ലൈൻ പദ്ധതി കേരളത്തെ സർവനാശത്തിലേക്കു നയിക്കുമെന്നും ഇത് വികസന പദ്ധതിയല്ലെന്നുമാണ് ഗീവർഗീസ് അഭിപ്രായപ്പെട്ടത്. കെ ​െറയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച യോഗത്തിലും സംബന്ധിച്ചിരുന്നു.

വർഗീയതയുടെയും മതവിദ്വേഷത്തിന്റെയും ശ്രമങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. പാലാ ബിഷപ്പ്​ മാർ ജോസഫ്​ കല്ലറങ്ങാട്ടിന്‍റെ ലവ്​ ജിഹാദ്, നാർക്കോട്ടിക്​ ജിഹാദ് വർഗീയ പരാമർശനത്തിനെതിരെ രംഗത്തുവന്നിരുന്നു. അൾത്താരയും ആരാധനയും വെറുപ്പിന്‍റെ രാഷ്ട്രീയം പ്രസംഗിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിക്കരുതെന്നാണ്​​ ബിഷപ്പ്​ ഗീവർഗീസ്​ മാർ കൂറിലോസ് പറഞ്ഞത്​​.

അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നായിരുന്നു ഇന്നലെ എം.ടി നടത്തിയ വിമർശനം. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി പറഞ്ഞു. എന്നാൽ, എം.ടിയുടെ വിമർശനം മുഖ്യമന്ത്രിയെയും സർക്കാരിനെയും ഉദ്ദേശിച്ചല്ലെന്നാണ് ‘ദേശാഭിമാനി’ വിശദീകരിക്കുന്നത്.

അതേസമയം, തന്റെ പ്രസംഗം മാധ്യമങ്ങൾ വിവാദമാക്കുന്നതിൽ അടിസ്ഥാനമില്ലെന്ന് എം ടി വാസുദേവൻ നായർ പറഞ്ഞതായി 'ദേശാഭിമാനി' റിപ്പോർട്ട് ചെയ്തു. ‘പ്രസംഗം സംബന്ധിച്ച മാധ്യമങ്ങളുടെ വ്യാഖ്യാനത്തിലും ചർച്ചയിലും എനിക്ക് പങ്കില്ല. എൻ്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയേയോ ഉദ്ദേശിച്ചല്ല. റഷ്യയിലടക്കമുള്ള സാഹചര്യങ്ങൾ പരാമർശിച്ചതിൻ്റെ അർഥം മലയാളം അറിയുന്നവർക്ക് മനസ്സിലാകും. അത് കേരളത്തെ സൂചിപ്പിക്കാനല്ല. മാധ്യമങ്ങൾ കൽപ്പിച്ച് പറയുന്ന വിവാദത്തിനും ചർച്ചക്കും ഞാനും പ്രസംഗവും ഉത്തരവാദിയല്ല. ശുദ്ധമലയാളത്തിലാണ് ഞാൻ പറഞ്ഞത്. അതിനെച്ചൊല്ലി മുഖ്യമന്ത്രിയേയും മറ്റും വലിച്ചിഴക്കേണ്ടതില്ലെന്നും എം ടി പറഞ്ഞു’ -ദേശാഭിമാനി റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Geevarghese Coorilos Thanks MT vasudevan nair for political criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.