ഇന്ത്യൻ സർകസിന്റെ പരിണാമത്തിലൂടെ സഞ്ചരിച്ച കലാകാരനായിരുന്നു ഇന്നലെ അന്തരിച്ച ജെമിനി ശങ്കരൻ. സർകസ് കലാകാരനെന്നതിലുപരി പ്രശസ്തമായ അഞ്ച് സർകസ് കമ്പനികളുടെ ഉടമയായിരുന്ന ജെമിനി ശങ്കരൻ ആധുനിക ഇന്ത്യൻ സർകസിന്റെ കുലപതി എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
സർകസ് പോലെ ഏവരെയും അതിശയിപ്പിക്കുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ത്യൻ സർകസിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന തലശ്ശേരിയിൽനിന്നായിരുന്നു ആ യാത്രയുടെ തുടക്കം. കൊളശ്ശേരി ബോർഡ് സ്കൂളിൽ ഏഴാംക്ലാസിൽ പഠിക്കുമ്പോൾ നാട്ടിൽ പ്രദർശനത്തിനെത്തിയ കിട്ടുണ്ണി സർകസും കണാരി അഭ്യാസിയുടെ വെസ്റ്റേൺ സർകസും കണ്ടതോടെയാണ് സർകസിനോടുള്ള അഭിനിവേശം മൂത്തത്. 1938ൽ തലശ്ശേരി ചിറക്കരയിൽ കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ കളരിയിൽ ചേർന്നു. രണ്ടാം ലോകയുദ്ധകാലത്ത് പട്ടാളത്തിൽ വയർലസ് വിഭാഗത്തിൽ നാലുകൊല്ലം സേവനമനുഷ്ഠിച്ച എം.വി. ശങ്കരൻ തന്റെ ലോകം സർകസാണെന്ന് തിരിച്ചറിഞ്ഞ് പട്ടാളത്തിൽനിന്ന് സ്വയം വിരമിച്ച് വീണ്ടും തലശ്ശേരി ചിറക്കരയിലെ സർകസ് വിദ്യാലയത്തിലെത്തി. കീലേരിയുടെ ശിഷ്യൻ എം.കെ. രാമന്റെ കീഴിലായിരുന്നു തുടർപരിശീലനം.
1946ൽ കൊൽക്കത്തയിലെ പ്രശസ്തമായ ബോസ്‌ലിയൻ സർകസിൽ ചേർന്നു. തുടർന്ന് ഇന്ത്യയിലെ അക്കാലത്തെ ശ്രദ്ധേയമായ നാഷനൽ സർകസിലും ഗ്രേറ്റ് ബോംബെ സർകസിലും ചേർന്നു. ഹൊറിസോണ്ടൽ ബാർ, ഫ്ലയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്നു ശങ്കരൻ. കാണികളെ മുൾമുനയിൽ നിർത്തുന്ന ട്രപ്പീസ് ഇനങ്ങളിലെ പ്രകടനം ശങ്കരനെ സർക്കസ് ലോകത്ത് പ്രിയങ്കരനാക്കി. കൂടുതൽ ശമ്പളം നൽകി ശങ്കരനെ കല്ലൻ ഗോപാലൻ ഗ്രേറ്റ് റെയ്മൻ സർകസിലെത്തിച്ചു.
വൈകാതെ സ്വന്തം സർകസ് കമ്പനി തുടങ്ങാൻ അവസരം തെളിഞ്ഞു. മഹാരാഷ്ട്രയിലെ വിജയ സർകസ് 6000 രൂപ നൽകി ശങ്കരനും സഹപ്രവർത്തകനായ സഹദേവനും ചേർന്ന് വാങ്ങുകയായിരുന്നു. കൂടുതൽ കലാകാരന്മാരെ സംഘടിപ്പിച്ച് ജെമിനി എന്ന പുതിയ പേരിൽ ഗുജറാത്തിലെ ബില്ലിമോറിയിൽ 1951 ആഗസ്റ്റ് 15നായിരുന്നു ഉദ്ഘാടനം. അതോടെ സർകസ് ലോകത്ത് ജെമിനി ശങ്കരൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. വിദേശ കലാകാരന്മാരെയും വന്യമൃഗങ്ങളെയും സർകസിൽ അണിനിരത്തി ഇന്ത്യയിലെ ഏറ്റവും വലിയ സർകസ് കമ്പനിയായി അതിവേഗം വളർന്ന ജെമിനി വിദേശത്തും പേരെടുത്തു. 1977 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് ജംബോ സർകസിന്റെ തുടക്കം.
ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും സർകസ് പ്രദർശനത്തിനായി പര്യടനം നടത്തിയ ജെമിനി ശങ്കരന് ഒട്ടേറെ രാഷ്ട്രത്തലവന്മാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. 1959ൽ ഡൽഹിയിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പ്രദർശനം ഉദ്ഘാടനം ചെയ്ത് മുഴുവൻ സമയവും സർകസ് കണ്ടശേഷം മന്ത്രിസഭാംഗങ്ങളോട് സർകസ് കാണാൻ ഉപദേശിച്ചതും വർഷങ്ങൾക്കുശേഷം ഇന്ദിരാഗാന്ധി രണ്ടുമക്കളെയും കൂട്ടി സർകസ് കാണാനെത്തിയതും സാംബിയൻ പ്രസിഡന്റ് കെന്നത്ത് കൗണ്ട സർകസിലെ പ്രകടനം കണ്ട് മതിമറന്ന് ആർത്തുവിളിച്ചതുമെല്ലാം ചരിത്രം. സർകസ് സംരംഭവുമായി ലോകംചുറ്റുമ്പോഴും നാട്ടിലെ പൊതുകാര്യങ്ങളിലുള്ള സജീവതാൽപര്യം നിലനിർത്തി. ഇന്ത്യൻ സർകസ് ഫെഡറേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു.
സർകസിൽ വന്യമൃഗങ്ങളെ നിരോധിച്ചുള്ള മനേക ഗാന്ധിയുടെ തീരുമാനമാണ് ഏറ്റവും വലിയ തിരിച്ചടിയായത്. ഒരേസമയം 18 ആനകളും 40 സിംഹങ്ങളും മറ്റ് മൃഗങ്ങളും ജെമിനി ശങ്കരന്റെ കൂടാരത്തിൽ ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. 1951ൽ ജെമിനി സർകസ് തുടങ്ങുമ്പോൾ അതിൽ ഒരാനയും രണ്ട് സിഹവും മാത്രമാണുണ്ടായിരുന്നത്. നാട്ടുരാജാക്കന്മാരുടെ അധികാരം ക്ഷയിക്കുന്ന കാലമായിരുന്നു അത്. അവർക്ക് കുതിരകളെയും സിംഹങ്ങളെയുമൊന്നും ആവശ്യമല്ലാതെവരികയും പോറ്റാൻ പ്രയാസപ്പെടുകയും ചെയ്തു. വലിയ സർകസ് പ്രിയനായിരുന്ന ഗുജറാത്തിലെ ജാംനഗർ രാജാവ് ശങ്കരന് നാല് കുതിരകളെയും നാല് സിംഹത്തെയും സമ്മാനിച്ചു. ചില നാട്ടുരാജാക്കന്മാർ വില വാങ്ങിയും സിംഹങ്ങളെ നൽകി. ജിറാഫിനെയും ഒറാങ് ഉട്ടാനെയും ഗൊറില്ലയെയും ഹിപ്പൊപ്പൊട്ടാമസിനെയും വിദേശത്തുനിന്നാണ് എത്തിച്ചത്. ബിഹാറിലെ സോൺപുരിൽ എല്ലാ വർഷവും നടക്കുന്ന മൃഗച്ചന്തയിൽനിന്നാണ് ആനകളെയും കുതിരകളെയും ഒട്ടകങ്ങളെയുമെല്ലാം വാങ്ങിയത്. സർകസിൽ മൃഗ പ്രദർശനത്തിന് നിയന്ത്രണംവന്നപ്പോൾ അതെല്ലാം അവസാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.