കൊച്ചി: വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ഗതാഗതം, കൃഷി, സമ്പദ് വ്യവസ്ഥ തുടങ്ങിയ സകല മേഖലകളിലും നിർമിത ബുദ്ധിയുടെ (എ.ഐ) സംയോജനം നടപ്പാക്കുന്നതിലൂടെ കേരളത്തിന് രാജ്യത്തെ പ്രധാന കേന്ദ്രമായി മാറാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യാന്തര ജെനറേറ്റിവ് എ.ഐ കോണ്‍ക്ലേവ് കൊച്ചി ലുലു ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് (കെ.എസ്.ഐ.ഡി.സി) ഐ.ബി.എമ്മുമായി ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
പല മേഖലകളിലും എ.ഐയെ സംയോജിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ രാജ്യത്തെ ജെന്‍ എ.ഐ ഹബ് ആയി ഉയര്‍ത്തുന്നതിനുള്ള ചവിട്ടുപടിയാണ് കോണ്‍ക്ലേവ്. സംസ്ഥാനത്തിന്റെ പുതിയ വ്യാവസായിക നയത്തില്‍ എ.ഐ പ്രധാന മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ട്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ എ.ഐ അധിഷ്ഠിത നിക്ഷേപങ്ങള്‍ സംസ്ഥാനത്തേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷ. സാധ്യമാകുന്ന എല്ലാ മേഖലകളിലും ഈ സാങ്കേതികവിദ്യ സജീവമായി പ്രയോജനപ്പെടുത്തണം. റോബോട്ടിക്സിനെക്കുറിച്ചുള്ള സമ്മേളനവും സംഘടിപ്പിക്കും.
വിദ്യാഭ്യാസത്തില്‍ എ.ഐ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി എല്ലാ അധ്യാപകര്‍ക്കും കൈറ്റ് പരിശീലനം നല്കിവരുന്നു. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ് എം.ഡിയും ചെയര്‍മാനുമായ എം.എ. യൂസുഫലി, ഐ.ബി.എം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിർമല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി എക്സി. ഡയറക്ടര്‍ ആര്. ഹരികൃഷ്ണന്, ചെയര്മാന് പോള്‍ ആന്റണി, ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, അനു കുമാരി, ഡോ. പി.ജി. ശങ്കരന്, ഡോ. സജി ഗോപിനാഥന്, അനൂപ് അംബിക തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചി: കേരള ഡിജിറ്റല്‍ സര്‍വകലാശാലയിൽ എ.ഐ കേന്ദ്രംസ്ഥാപിക്കാന് എഡിന്‍ബറോ സര്‍വകലാശാലയിലെ അലന് ടൂറിങ് ഇന്‍സ്റ്റിറ്റ്യൂട്ടും കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും തമ്മില്‍ കരാറൊപ്പിട്ടു. കൊച്ചിയില്‍ കെ.എസ്.ഐ.ഡി.സി സംഘടിപ്പിക്കുന്ന ജെന്‍ എ.ഐ കോണ്‍ക്ലേവില്‍ വ്യവസായ-നിയമ-കയര്‍ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലാണ് ഡിജിറ്റല്‍ സര്‍വകലാശാല ഡീന്‍ അലക്സ് ജയിംസ്, ദ അലന് ടൂറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ഫോര്‍ റോബോട്ടിക്സ് ആന്‍ഡ് എ.ഐ പ്രഫ. സേതു വിജയകുമാര്‍ എന്നിവര്‍ ധാരണപത്രം കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.