കൊടിയത്തൂർ (കോഴിക്കോട്): മുൻ എം.എൽ.എയും സി.പി.എം നേതാവുമായിരുന്ന ജോർജ് എം. തോമസിനെതിരായ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലം പരിശോധനക്കും തുടർനടപടികൾക്കുമായി താമരശ്ശേരി ലാൻഡ് ബോർഡ് ഉദ്യോഗസ്ഥരെത്തി. 2000ത്തിലാണ് ജോർജ് എം. തോമസ് കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം 188/2 സർവേയിലെ മിച്ചഭൂമിയായ 14 ഏക്കറും 40 സെന്റും കൈവശം വെച്ചിട്ടുണ്ടെന്ന പരാതിയുയർന്നത്.
2003ൽ ഭൂമി തിരിച്ചുപിടിക്കാൻ ഹൈകോടതി ഉത്തരവുണ്ടായെങ്കിലും തുടർനടപടിയുണ്ടായില്ല. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ താലൂക്ക് ലാൻഡ് ബോർഡ് ചെയർമാന് നിർദേശം നൽകിയിട്ട് ഒരുമാസത്തിലധികമായി.
ഒക്ടോബർ 26ന് ലാൻഡ് ബോർഡ് കമീഷണറുടെ ഉത്തരവിനെ തുടർന്ന് ലാൻഡ് ബോർഡ് ചെയർമാനും അംഗങ്ങളും തോട്ടുമുക്കം സന്ദർശിക്കാൻ തീരുമാനിച്ചെങ്കിലും നടന്നില്ല. ജോർജ് എം. തോമസിനെതിരായ വിധി നടപ്പാക്കാത്ത പശ്ചാത്തലത്തിൽ സ്വകാര്യവ്യക്തി ലാൻഡ് ബോർഡ് കമീഷണർക്ക് പരാതി നൽകുകയായിരുന്നു.
വെള്ളിയാഴ്ച 11.30ഓടെ ജോർജ് എം. തോമസിന്റെ വീട്ടിലെത്തി ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും പരാതിക്കാരെ കാണാനോ രേഖകൾ സ്വീകരിക്കാനോ തയാറായില്ലെന്ന് പരാതിയുണ്ട്. താലൂക്ക് ലാൻഡ് ബോർഡ് ഡെപ്യൂട്ടി തഹസിൽദാർ ജുബീഷ്, സീനിയർ ക്ലർക്ക് മുരളി ഭാർഗവൻ, കൊടിയത്തൂർ വില്ലേജ് ഓഫിസർ കെ. ഷിജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
കൊടിയത്തൂർ: ഒന്നര മണിക്കൂറോളം ജോർജ് എം. തോമസിന്റെ വീട്ടിൽ തങ്ങിയ ഉദ്യോഗസ്ഥർ തിരിച്ചുപോകുംവഴി പരാതിക്കാരെ കാണാൻ കൂട്ടാക്കിയില്ല. ബാഗുകൊണ്ട് മുഖം മറച്ച് വാഹനത്തിലേക്ക് നടക്കുന്നതിനിടെ പരാതിക്കാരും കോൺഗ്രസ് പ്രവർത്തകരും ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചു. ഇത് ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എം. സിറാജുദ്ദീൻ, ഡി.സി.സി സെക്രട്ടറി സി.ജെ. ആന്റണി, ബഷീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിളിച്ചിട്ടാണ് വന്നതെന്നും രേഖകൾ പരിശോധിച്ച് ഒപ്പിട്ട് തന്നെങ്കിൽ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂവെന്നും പ്രതിഷേധക്കാർ അറിയിച്ചതോടെ ഉദ്യോഗസ്ഥർ വഴങ്ങുകയായിരുന്നു. അതേസമയം പുറത്തുനടന്ന സംഭവങ്ങളിൽ പങ്കില്ലെന്നും നല്ല രീതിയിലാണ് ഉദ്യോഗസ്ഥർ പോയതെന്നും ജോർജ് എം. തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.