കൊല്ലം: കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്താണ് നീക്കിയത്.
കഴിഞ്ഞ 22നാണ് ജന്മനാ കാലിൽ വളവുള്ള എഴുകോൺ മാറനാട് കുറ്റിയിൽ വീട്ടിൽ സി.എഎസ്. സജീവ് കുമാർ-വിനിത ദമ്പതികളുടെ ഏഴ് വയസ്സുകാരി ആദ്യ എസ്. ലക്ഷ്മിയെ കൊല്ലം കടപ്പാക്കട ടൗൺ അതിർത്തിയിൽ പ്രവർത്തിക്കുന്ന അനൂപ് ഓർത്തോ കെയർ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചത്. രണ്ട് ശസ്ത്രക്രിയ നടത്തിയാൽ കുഞ്ഞിെൻറ കാലിലെ വളവ് മാറ്റാമെന്ന് ഡോക്ടർമാർ രക്ഷാകർത്താക്കളെ അറിയിച്ചു.
പലരിൽനിന്നും പലിശക്കും കടം വാങ്ങിയുമാണ് കുട്ടിയെ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചത്. കഴിഞ്ഞ 23ന് ശസ്ത്രക്രിയ നടത്താൻ ഓപറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയി. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ഡോക്ടറോട് വിവരം തിരക്കിയപ്പോഴാണ് ശസ്ത്രക്രിയക്കിടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായതായി അറിയിച്ചത്. മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുന്നേ കുട്ടി മരിച്ചു.
അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ചികിത്സയിലും അനസ്തേഷ്യ നൽകിയതിലും ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി രക്ഷാകർത്താക്കൾ പൊലീസിൽ പരാതി നൽകി. കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മൃതശരീരവുമായി ആശുപത്രിയിലേക്ക് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കാൻ എത്തുമെന്നറിഞ്ഞതോടെ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.
സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധിക്കാൻ എത്തിയത്. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരത്ത് നിന്ന് മൃതദേഹവുമായി എത്തിയ ആബുലൻസ് ആശുപത്രിക്ക് ഏതാനും കിലോമീറ്ററിന് മുമ്പ് പൊലീസ്തടഞ്ഞു. തുടർന്ന് ആംബുലൻസ് പൊലീസ് അകമ്പടിയോടെ കുട്ടിയുടെ വീട്ടിലേക്ക് തിരച്ചയച്ചു.
സംഘർഷസാധ്യത കണക്കിലെടുത്ത് എ.സി.പി പ്രദീപ്കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് എത്തിയിരുന്നു. കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കാതെ മൃതദേഹം മറവുചെയ്യില്ലെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും പിന്നീട് സംസ്കരിച്ചു. വിഷയത്തിൽ ആശുപത്രി അധികൃതരുടെ പ്രതികരണം ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.