വർക്കല: തിരുവനന്തപുരം വർക്കലയിൽ സംഗീതയെന്ന പെൺകുട്ടിയെ അർധരാത്രി വീട്ടിൽനിന്ന് വിളിച്ചിറക്കി ആൺ സുഹൃത്ത് കഴുത്തറുത്ത് കൊന്നത് സംശയത്തിന്റെ പേരിൽ. തന്നോടുള്ള സ്‌നേഹം സത്യമാണോ എന്നറിയാൻ പിടിയിലായ പള്ളിക്കൽ സ്വദേശി ഗോപു, അഖിൽ എന്ന പേരിൽ സംഗീതയോട് മറ്റൊരു നമ്പറിൽനിന്ന് ചാറ്റ് ചെയ്തിരുന്നു. ഈ നമ്പറിൽ നിന്നുള്ള ചാറ്റിങ്ങിനും സംഗീത മറുപടി നൽകിയിരുന്നു.
തുടർന്നാണ് രാത്രി അഖിലെന്ന പേരിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വടശേരി കോണം സംഗീത നിവാസിൽ സംഗീതയാണ് (17) കൊല്ലപ്പെട്ടത്. രാത്രി സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് സംഗീത. അഖിലിന്‍റെ സന്ദേശം കിട്ടിയതിനെ തുടര്‍ന്നാണ് സംഗീത പുറത്തേക്ക് വന്നത്. ഹെൽമറ്റ് ധരിച്ചായിരുന്നു ഗോപു വന്നത്.
സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കൈയിൽ കരുതിയ പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് കഴുത്തറുത്തത്. മുറിവേറ്റ സംഗീത വീടിന്റെ വാതിൽ മുട്ടി. വീട്ടുകാർ വാതിൽ തുറന്നപ്പോൾ കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സംഗീതയെ കണ്ടത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.
കതകില്‍ ആരോ അടിക്കുന്നതു പോലെയുള്ള ശബ്ദം കേട്ടാണ് ഞാനും ഭാര്യയും ഉണര്‍ന്നതെന്ന് സംഗീതയുടെ പിതാവ് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു. ‘എന്താണെന്ന് പെട്ടെന്ന് മനസ്സിലായില്ല. ജനല്‍ തുറന്നിട്ട് ആരാണെന്ന് ഞാന്‍ ചോദിച്ചു. എന്‍റെ മോള്‍ക്ക് മിണ്ടാന്‍ പറ്റുന്നില്ലായിരുന്നു. ഞാന്‍ പെട്ടെന്ന് കതക് തുറന്നപ്പോഴേക്കും രക്തമായി നില്‍ക്കുന്നതാണ് കാണുന്നത്. അവള്‍ പിടക്കുകയായിരുന്നു. അവള്‍ക്ക് ഒന്നും പറയാന്‍ പറ്റുന്നില്ലായിരുന്നു. എന്‍റെ മോള്‍ക്ക് ഈ ഗതി വന്നല്ലോ’ -പിതാവ് പറഞ്ഞു.
ശ്രീശങ്കര കോളേജിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ് സംഗീത. രാവിലെയാണ് പ്രതി ഗോപുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.