മാധ്യമങ്ങള്‍ മുസ്ലിം സ്ത്രീകളെ  സെന്‍സേഷണലൈസ് ചെയ്യുന്നു –ഫ്ളേവിയ ആഗ്നസ്

കോഴിക്കോട്: മുസ്ലിംകളെക്കുറിച്ചും മുസ്ലിം സ്ത്രീകളെക്കുറിച്ചും മാധ്യമങ്ങളില്‍ വരുന്നതേറെയും സെന്‍സേഷനലും നെഗറ്റിവും ആയ വാര്‍ത്തകളും ചിത്രീകരണങ്ങളുമാണെന്ന് മുംബൈ ഹൈകോടതി അഭിഭാഷകയും ആക്ടിവിസ്റ്റുമായ  ഫ്ളേവിയ ആഗ്നസ് പറഞ്ഞു. ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ)  സംഘടിപ്പിക്കുന്ന മുസ്ലിം വിമന്‍സ് കൊളോക്കിയം ജെ.ഡി.ടി ഇസ്ലാം കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുസ്ലിം സമൂഹത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഹിന്ദു സമൂഹവും അനുഭവിക്കുന്നുണ്ട്. ഉന്നതപദവികള്‍ വഹിക്കുന്നതും പുരോഗമനപരമായ കാര്യങ്ങള്‍ ചെയ്യുന്നതുമായ ഒട്ടേറെ മുസ്ലിം സ്ത്രീകളുമുണ്ട്. എന്നാല്‍, മുസ്ലിം സ്ത്രീകള്‍ക്കെതിരെയുള്ള വാര്‍ത്തകളും അവതരണങ്ങളും കാണിക്കാനാണ് മാധ്യമങ്ങള്‍ക്ക് താല്‍പര്യം. ഈ അവസ്ഥ മാറേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്‍െറയും പുരോഗതിയുടെയും പേരില്‍ നമ്മുടെ നാട്ടില്‍ കുടുംബം, ദാമ്പത്യം തുടങ്ങിയ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും, ഇതിലൂടെ സ്ത്രീത്വത്തിന്‍െറ മഹത്ത്വമാണ് തകര്‍ക്കപ്പെടുന്നതെന്നും മുഖ്യപ്രഭാഷണത്തില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ എന്‍ജിനീയര്‍ മുഹമ്മദ് സലിം പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ പിന്നാക്കാവസ്ഥ മറ്റുള്ളവര്‍ ആരോപിക്കുന്നതുപോലെ ഇസ്ലാമിന്‍െറ പ്രശ്നം കൊണ്ടല്ല, മറിച്ച് ഇസ്ലാമിക മൂല്യങ്ങള്‍ കൃത്യമായി  പാലിക്കപ്പെടാത്തതുകൊണ്ടാണ്. ശാരീരികമായും വൈകാരികമായും സ്ത്രീയും പുരുഷനും തുല്യരല്ളെങ്കിലും, അവരെ പൂര്‍ണാര്‍ഥത്തില്‍ തുല്യരായി കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.  മുസ്ലിം സ്ത്രീകളുടെ സംരക്ഷകരെന്ന് പ്രഖ്യാപിച്ച് യഥാര്‍ഥത്തില്‍ അവരെ ഇസ്ലാമിനെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്ന് അധ്യക്ഷപ്രസംഗത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. അഡ്വ. നൂര്‍ബിന റഷീദ്, കെ.കെ. ഫാത്തിമ സുഹ്റ, സഫിയ അലി, അഡ്വ. ഫാത്തിമ തഹ്ലിയ എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന സ്വാഗതവും സെക്രട്ടറി ഫസ്ന മിയാന്‍ നന്ദിയും പറഞ്ഞു.      

 ‘ജ്ഞാന ശാസ്ത്രവും പാരമ്പര്യവും വ്യാഖ്യാനാധികാരവും ഇസ്ലാമില്‍’ എന്ന വിഷയത്തില്‍ ഡോ. വര്‍ഷ ബഷീര്‍, എ. റഹ്മത്തുന്നീസ, പി.എം.എ. ഗഫൂര്‍, ഒ.എ. ഫര്‍ഹ, വി.എ.എം. അഷ്റഫ്, കെ. സഹ്ല, മുഹമ്മദ് ഷമീം, ഡോ. ജാബിര്‍ അമാനി എന്നിവര്‍ സംസാരിച്ചു. ‘ഏകീകൃത വ്യക്തിനിയമത്തിന്‍െറ രാഷ്ട്രീയവും മുസ്ലിം സ്ത്രീയും’ വിഷയത്തില്‍ അഡ്വ. ഫ്ളേവിയ ആഗ്നസ് പ്രഭാഷണം നടത്തി. ‘മുസ്ലിം  ദൈവശാസ്ത്രവും ലിംഗവ്യാഖ്യാന ശാസ്ത്രവും’ വിഷയത്തില്‍ വി.എ. കബീര്‍, വി. ബാസിമ ഷഹാന, ഫാത്തിമ മദാരി, കെ.ടി. ഹുസൈന്‍, കെ.വി. ഷഹ്നാസ്, മുഹമ്മദ് ബിലാല്‍, എ.കെ. നിയാസ് എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചയില്‍ കെ.പി. സല്‍വ, ഡോ. ജന്നി റൊവീന, എ.എസ്. അജിത് കുമാര്‍, ഡോ. ഷെറിന്‍, ഡോ. ആര്‍. യൂസഫ് എന്നിവര്‍ സംസാരിച്ചു.  ‘മുസ്ലിം  സ്ത്രീ സ്വത്വവും പ്രതിനിധാനവും’ വിഷയത്തില്‍ ഡോ. ജന്നി റൊവീന, ഖദീജ മങ്ങാട്ട്, ഫെബ റഷീദ്, ഡോ. വി. ഹിക്മത്തുല്ല, അഡ്വ. എ.കെ. ഫാസില, ജുവൈരിയ ഇറാം, ഫര്‍ഹാന ആഷിക് എന്നിവര്‍ സംസാരിച്ചു. കൊളോക്കിയം ഇന്ന് സമാപിക്കും. പൊതുസമ്മേളനം വൈകീട്ട് ആറിന് തെഹ്റാന്‍ സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷനല്‍ സ്റ്റഡീസ് അസി. പ്രഫസര്‍ ഡോ. ഇന്‍ഷാ മാലിക് ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം അഖിലേന്ത്യ സെക്രട്ടറി അത്വിയ്യാ സിദ്ദീഖ മുഖ്യാതിഥിയായിരിക്കും.

Tags:    
News Summary - Girls Islamic Organisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.