ചെങ്ങന്നൂര്‍: മുളക്കുഴ കനറാ ബാങ്കിൽ ഇരുന്നൂറിലധികം പേരുടെ സ്വര്‍ണ ഉരുപ്പടികളില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അപ്രൈസർ പിടിയിൽ. അളവിലും തൂക്കത്തിലും കുറവുണ്ടെന്ന പരാതിയുമായി ഇടപാടുകാര്‍ ബാങ്ക് ശാഖയിലെത്തി പ്രതിഷേധിച്ചതിനെത്തുടർന്ന് അപ്രൈസർ ചെങ്ങന്നൂര്‍ കീഴ്ചേരിമേല്‍ കാര്‍ത്തിക നിവാസില്‍ എ. മധുകുമാറാണ് (52) അറസ്റ്റിലായത്.
പണയംവെക്കാൻ കൊണ്ടുവരുന്ന സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസര്‍ ഉരുപ്പടികളുടെ ഭാഗം അതിവിദഗ്ധമായി മുറിച്ചുമാറ്റിയശേഷമുള്ള തൂക്കമാണ് ബാങ്ക് രേഖകളില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നാണ് ഇടപാടുകാര്‍ ആരോപിക്കുന്നത്. പണയം വെക്കുന്നവര്‍ക്ക് നല്കുന്ന ബാങ്ക് രേഖകളിലും ഈ തൂക്കമാണ് രേഖപ്പെടുത്തുന്നത്. പണയം വെക്കുവാനെത്തുന്നവര് അപ്പോഴത്തെ തിരക്കിൽ ഇത് ശ്രദ്ധിക്കാറില്ല.
സ്വര്‍ണം തിരിച്ചെടുത്ത് വീട്ടില്‍ എത്തുമ്പോഴാണ് അളവിലും തൂക്കത്തിലും മാറ്റം വന്നതായി തിരിച്ചറിയുന്നത്. ചിലരുടെ മാലകൾ തിരികെയെടുത്ത് വീട്ടില്‍ പോയി ഇട്ടുനോക്കുമ്പോഴാണ് തലയിലൂടെ ഇടാനാവാത്ത വിധത്തിലായ നിലയിലാകുന്നത്.
ഇങ്ങനെ സംശയം തോന്നിയ യുവതി മാല വാങ്ങിയ മുളക്കുഴ കോട്ടയിലെ സ്വര്ണവില്പന ശാലയിലെത്തി അവരുടെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് യഥാര്‍ഥ തൂക്കം മനസ്സിലായത്. ഇക്കാര്യം വ്യാപകമായി പ്രചരിച്ചതോടെയാണ് പണയം വെച്ചവര്‍ സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചതും തൂക്കത്തില്‍ വ്യത്യാസം കണ്ടെത്തിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.