സ്വർണക്കടത്ത് കേസ്: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത് 12 മണിക്കൂറോളം

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ മകൻ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തതിൽനിന്ന് എൻഫോഴ്സ്മെൻറ് ഡയറ്കടറേറ്റിന് കിട്ടിയത് നിർണായക വിവരങ്ങൾ. യു.എ.ഇ കോൺസുലേറ്റിലെ വിസ സ്​റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന യു.എ.എഫ്.എക്സ് കമ്പനി, ബിനീഷ് കോടിയേരിയുടെ പേരിൽ ബംഗളൂരുവിൽ രജിസ്​റ്റർ ചെയ്ത രണ്ട് കമ്പനി എന്നിവയുടെ സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് നടത്തിവന്ന അന്വേഷണത്തിന്‍റെ തുടർച്ചയായിരുന്നു ചോദ്യം ചെയ്യൽ.

രാവിലെ 11ന് ഹാജരാകാനായിരുന്നു എൻഫോഴ്സ്മെൻറ് നോട്ടീസ് നൽകിയിരുന്നത്. ഒമ്പതരയോടെതന്നെ ബിനീഷ് കൊച്ചിയിലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഓഫിസിൽ എത്തി. രാവിലെ 10ന്​ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഇത് രാത്രി വൈകിയും തുടർന്നു.

തിരുവനന്തപുരത്തെ യു.എ.എഫ്.എക്‌സ് സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍നിന്ന്​ തനിക്ക് കമീഷന്‍ ലഭിച്ചെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. യു.എ.ഇ കോൺസുലേറ്റിലെ വിസ സ്​റ്റാപിങ് പേ​െമൻറുകൾക്കായി ചുമതലപ്പെടുത്തിയിരുന്ന സ്ഥാപനമാണിത്. അതിെൻറ ഡയറക്ടര്‍മാരിലൊരാളും ബിനീഷ് കോടി​​േയരിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ നടന്ന ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. ഇവർ തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. ഇയാൾ ബിനീഷിെൻറ ബിനാമിയാണോ എന്ന കാര്യത്തിൽ ഇ.ഡി വ്യക്തത വരുത്തിയതായാണ് വിവരം.

മൊഴികളിലെ വൈരുധ്യം തിരിച്ചറിയാൻ ഉദ്യോഗസ്ഥർ മാറിമാറിയാണ് ചോദ്യം ചെയ്തത്. ഒരുമാസമായി ബിനീഷ് എൻഫോഴ്സ്മെൻറ് നിരീക്ഷണത്തിലായിരുന്നു. 2015നുശേഷം ബിനീഷിെൻറ പേരിൽ രജിസ്​റ്റർ ചെയ്ത ബി കാപിറ്റൽ ഫൈനാൽഷ്യൽ സൊലൂഷൻസ്, ബി കാപിറ്റൽ ഫോറെക്സ് ട്രേഡിങ് എന്നീ കമ്പനികൾ അനധികൃത ഇടപാടുകൾക്കുള്ള മറയായിരുന്നോ എന്ന സംശയമാണ് അന്വേഷണസംഘത്തിനുള്ളത്. ഇപ്പോൾ പ്രവർത്തനരഹിതമായ കമ്പനികൾ വരവുചെലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ല.

ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതികൾ സ്വർണക്കടത്തിന് പണം നിക്ഷേപിച്ചതിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ബംഗളൂരു മയക്കുമരുന്ന് കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയ അനൂപ് മുഹമ്മദിെൻറ മൊഴികളിലും ബിനീഷ് വെട്ടിലാവുകയാണ്. ഇയാൾക്ക് ബിസിനസ് തുടങ്ങാൻ ബിനീഷ് സഹായം ചെയ്തതിനെക്കുറിച്ചും വിശദാംശങ്ങൾ തേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.