പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണവിധേയരായ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഇന്ന് തുറന്നു പറയുമെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പാലക്കാട്ടെ എച്ച്.ആർ.ഡി.എസ് ഓഫീസിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ എല്ലാം തുറന്നു പറയുകയെന്നും സ്വപ്ന വ്യക്തമാക്കി.
മൊഴി പിൻവലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയുടെ ദൂതൻ തന്നെ സമീപിച്ചുവെന്ന് ഇന്നലെ നടത്തിയ വെളിപ്പെടുത്തലിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ട്. ഈ ശബ്ദരേഖയും ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന പേരിൽ ഷാജ് കിരൺ എന്നയാൾ തന്നെ സന്ദർശിച്ച് രഹസ്യമൊഴി പിൻവലിക്കാൻ സമ്മർദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ആരോപിച്ചത്. രഹസ്യമൊഴിയിൽ പറഞ്ഞത് കള്ളമാണെന്ന് പരസ്യമായി പറഞ്ഞില്ലെങ്കിൽ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തി, മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ആരോപണവിധേയരായ മറ്റുള്ളവരും യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നുമാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി നൽകിയ ഹരജിയിൽ സ്വപ്ന ആരോപിക്കുന്നത്.
മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനെന്ന് പറഞ്ഞാണ് ജൂൺ എട്ടിന് ഉച്ചക്ക് ഒന്നരയോടെ പാലക്കാട്ടെ ഓഫിസിൽ ഷാജ് കിരൺ വന്നത്. കെ.പി. യോഹന്നാന്റെ ഗോസ്പൽ ഫോർ ഏഷ്യ എന്ന സംഘടനയുടെ ഡയറക്ടറെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി അടുപ്പമുള്ളയാളാണ് ഷാജ് എന്ന് ശിവശങ്കർ പരിചയപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും വിദേശ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത് ഇയാളാണെന്നും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വിധേയമായി പ്രവർത്തിക്കണമെന്നും ആർ.എസ്.എസ്, ബി.ജെ.പി സംഘടനകളുടെയും അഭിഭാഷകന്റെയും പ്രേരണയിലാണ് രഹസ്യമൊഴി നൽകിയതെന്ന് പരസ്യമായി പറയണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
രഹസ്യമൊഴിയിൽ പറഞ്ഞത് കള്ളമാണെന്ന തരത്തിലുള്ള ഓഡിയോയോ വിഡിയോയോ വേണമെന്നാണ് ആവശ്യപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പത്തുവരെ സമയം നൽകി. രാവിലെ മുഖ്യമന്ത്രിയും ഡി.ജി.പിയും കാണുമ്പോൾ ഇത് നൽകാനായില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് തുടർന്ന് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് വന്നതെന്ന് ഷാജ് പറയുന്ന സംഭാഷണം റെക്കോഡ് ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രി കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഐ.എ.എസുകാരായ നളിനി നെറ്റോ, ശിവശങ്കർ തുടങ്ങിയവർ യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി. ഇതുസംബന്ധിച്ച രഹസ്യമൊഴി നൽകിയിട്ടും കസ്റ്റംസ് അന്വേഷണം നടത്തിയില്ലെന്ന് ഹരജിയിൽ പറയുന്നു. നേരത്തേയുള്ള ആരോപണങ്ങളാണ് ഹരജിയിലും ആവർത്തിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയും മറ്റുള്ളവരും കോൺസുലേറ്റ് ജനറലുമായി ചേർന്ന് തന്നെ ഉപയോഗിക്കുകയായിരുന്നു. ജയിലിൽ കിടന്ന സമയത്ത് മുഖ്യമന്ത്രിയുടേതടക്കം പേരുകൾ കേന്ദ്ര ഏജൻസികളോട് വെളിപ്പെടുത്താതിരിക്കാൻ പീഡനത്തിന് വിധേയയാക്കി. ജീവൻ നഷ്ടപ്പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. എൻ.ഐ.എ പിടിച്ചെടുത്ത മൊബൈൽ ഫോണിലും ലാപ്ടോപ്പിലും തെളിവുകൾ ഉണ്ടെന്നും ഹരജിയിൽ സ്വപ്ന സുരേഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.